വിപത്തുകൾക്കുമുന്നിൽ ക്ഷമ പാലിക്കുന്നവരാണ് ദൈവഭക്തർ –അറഫ പ്രഭാഷണത്തിൽ ശൈഖ് അബ്ദുല്ല
text_fieldsജിദ്ദ: െഎഹിക ജീവിതം വിപത്തുകളിൽനിന്ന് മുക്തമല്ലെന്നും അപ്പോഴെല്ലാം ക്ഷമ അവലംബിക്കുകയാണ് ദൈവഭക്തരുടെ സ്വഭാവമെന്നും അറഫ പ്രസംഗത്തിൽ ശൈഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽമനീഅ് പറഞ്ഞു. ക്ഷമ വിശ്വാസികൾക്കുണ്ടാവേണ്ട വിശിഷ്ട ഗുണമാണ്. ദൈവിക തീരുമാനങ്ങൾ നടപ്പാകുക തന്നെ ചെയ്യും. അതു തടുക്കാൻ ആർക്കും സാധ്യമല്ല. ദൈവം മനുഷ്യന് നൽകിയ അനുഗ്രഹങ്ങളും സമൃദ്ധമായ നന്മകളും ഒാർമിക്കാനും വിപത്തുകൾ കാരണമാകും. ദൈവത്തിെൻറ കഴിവ് തിരിച്ചറിയാനും സഹായിക്കും. ദൈവിക സഹായത്തിലേക്കും പ്രത്യാശയിലേക്കും ആവശ്യമുള്ളവനാണെന്ന ബോധമുണ്ടാക്കും. പരലോകത്തെ ഒാർപ്പെടുത്തുമെന്നും വിപത്തുകളും ദുഖങ്ങളുമില്ലാത്ത സ്വർഗത്തിനായി തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രയാസങ്ങൾ എത്ര വലുതാണെങ്കിലും അവ എന്നും നിലനിൽക്കില്ല. ദൈവത്തിെൻറ കാരുണ്യം സൃഷ്ടികളിലേക്ക് കൂടുതൽ അടുത്തതും വിശാലവുമാണ്. വിപത്തുകൾ ക്ഷമാപൂർവം നേരിടുകയും അതിെൻറ കാരണങ്ങളെ പ്രതിരോധിക്കുകയുമാണെങ്കിൽ ദൈവത്തോടുള്ള അനുസരണയിലേക്ക് മനുഷ്യനെ അത് അടുപ്പിക്കും. സൃഷ്ടികൾക്ക് മികച്ച ജീവിതം നേടാൻ വിപത്തുകളെയും സാമ്പത്തിക പ്രശ്നങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ദൈവിക നിർദേശങ്ങളിലുണ്ട്.
സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളിൽ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രീയ സുരക്ഷാ വിഷയങ്ങളിൽ പാലിക്കേണ്ട നടപടിക്രമങ്ങളും ശരീഅത്തിലുണ്ടെന്ന് ശൈഖ് അബ്ദുല്ല അൽമനീഅ് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദേശങ്ങളും ശരീഅത്തിലുണ്ട്. എല്ലാഴ്പ്പോഴും ശുചിത്വം പാലിക്കാനാണ് അത് ആവശ്യപ്പെടുന്നത്. പരിസ്ഥിതിയുടെ ശുദ്ധപ്രകൃതം കാത്തുസൂക്ഷിക്കാനും നല്ലത് ഭക്ഷിക്കാനും അനുശാസിക്കുന്നു. ദോഷമുണ്ടാക്കുന്ന എന്തും നിരോധിച്ചിട്ടുണ്ട്.
പകർച്ചവ്യാധികളിൽനിന്ന് മനുഷ്യസമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും വരച്ചുകാട്ടിയിട്ടുണ്ട്. പകർച്ച വ്യാധികളുളള സ്ഥലങ്ങളിൽനിന്ന് അകന്നുനിൽക്കാനും അവിടേക്ക് യാത്ര ചെയ്യാതിരിക്കാനും പ്രവാചകനിർദേശമുണ്ട്. രോഗപ്പകർച്ച തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തവണ രാജ്യത്തിനകത്തെ വിവിധ രാജ്യക്കാരായ പരിമിത ആളുകളെ മാത്രം പെങ്കടുപ്പിച്ച്, സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യമുൻകരുതൽ പൂർണമായും പാലിച്ച് നടത്താൻ സൗദി ഭരണകൂടം തീരുമാനമെടുത്തത് രോഗവ്യാപനത്തിന് ഒട്ടും ഇട നൽകാതെ ഹജ്ജ് നടത്തുക എന്ന നല്ല ഉദ്ദേശ്യത്തോടെയാണ്.
പ്രയാസങ്ങളും പ്രതിസന്ധികളും നീങ്ങാൻ ആത്മാർഥതയോടും നിഷ് കളങ്കതയോടും ദൈവത്തോട് പ്രാർഥിക്കണമെന്നും വിശ്വാസികളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. പകർച്ചവ്യാധിയിൽനിന്ന് എത്രയുംവേഗം മോചനമുണ്ടാകാനും രോഗബാധിതർ വേഗം സുഖം പ്രാപിക്കാനും രോഗത്തിന് മരുന്നും വാക്സിനുകളും കണ്ടെത്താൻ ചികിത്സ, ഗവേഷണ രംഗത്തുള്ളവർ നടത്തുന്ന ശ്രമങ്ങൾ വിജയിക്കാനും പ്രാർഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
