സൗദി-റഷ്യ ബന്ധങ്ങൾക്ക് പുത്തൻ ചിറകുകൾ
text_fieldsറിയാദിൽ നിന്ന് മോസ്കോയിലേക്ക് നേരിട്ടുള്ള സൗദിയ വിമാന സർവീസിന് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര, വിനോദസഞ്ചാര ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സൗദി അറേബ്യൻ എയർലൈൻസായ 'സൗദിയ' റിയാദിൽ നിന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് തുടക്കം കുറിച്ചു. സൗദി ടൂറിസം അതോറിറ്റിയുമായും എയർ കണക്റ്റിവിറ്റി പ്രോഗ്രാമുമായും സഹകരിച്ചാണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കത്രിൻ ലോഞ്ചിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സർവീസിന്റെ ഉദ്ഘാടനം നടന്നു. സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം ബിൻ അബ്ദുൾ റഹ്മാൻ അൽ ഒമർ, സൗദിയിലെ റഷ്യൻ ഫെഡറേഷൻ അംബാസഡർ സെർജി കോസ്ലോവ്, സൗദി ടൂറിസം അതോറിറ്റി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വികസന മേഖലകളിലെ അടുത്ത ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ വ്യോമപാത സഹായകമാകുമെന്ന് അൽഒമർ പ്രത്യാശ പ്രകടിപ്പിച്ചു. സൗദിയിലെയും റഷ്യയിലെയും ജനങ്ങൾക്ക് ഇരു രാജ്യങ്ങളുടെയും പുരാതനമായ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനും പര്യവേക്ഷണം നടത്താനും ഇത് അവസരമൊരുക്കും. രാജ്യത്തെ 250-ൽ അധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുക എന്ന 'വിഷൻ 2030'-ന്റെ സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഈ സർവീസ് നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വൈവിധ്യമാർന്ന പരിപാടികളിലേക്കും അവസരങ്ങളിലേക്കും ലോകത്തെ ആകർഷിക്കുക, തീർത്ഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും യാത്ര എളുപ്പമാക്കുക എന്നിവയും ഈ പുതിയ റൂട്ടിന്റെ പ്രധാന ലക്ഷ്യങ്ങളിൽപ്പെടുന്നു. പുതിയ വ്യോമപാതയുടെ ഉദ്ഘാടനം ആഘോഷിക്കുന്നതിനായി 'ബന്ധങ്ങളുടെ ചിറകുകൾ' എന്ന പ്രമേയത്തിൽ മോസ്കോയിൽ സൗദി അറേബ്യ പ്രത്യേക ഔദ്യോഗിക ചടങ്ങ് സംഘടിപ്പിക്കും. റഷ്യയിലെ സൗദി അംബാസഡർ സാമി അൽസദ്ഹാൻ ഈ ചടങ്ങിൽ പങ്കെടുക്കും. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് സൗദിയ റിയാദിൽ നിന്ന് മോസ്കോയിലേക്ക് നടത്തുക. ഇതോടെ നാല് ഭൂഖണ്ഡങ്ങളിലായി 100-ലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന സൗദിയയുടെ ശൃംഖല കൂടുതൽ വിപുലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

