പൊതുമാപ്പ്: ഇളവുകാലത്തിന് ശേഷം നിയമ ലംഘകരെ ക്രിമിനൽ പട്ടികയിൽപെടുത്തിയേക്കും: ആഭ്യന്തര മന്ത്രാലയ വക്താവ്
text_fieldsറിയാദ്: പൊതുമാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ ക്രിമിനലുകളായി പരിഗണിക്കുമെന്ന് പൊതുസുരക്ഷ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി. ഇത്തരം നിയമലംഘകരുടെ വിവരങ്ങൾ ഒാൺലൈനിലുൾപെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മാസത്തെ പൊതുമാപ്പിന് ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്നവർ ക്രിമിനൽകുറ്റവാളികളുടെ കൂട്ടത്തിലാണ് ഉൾപെടുക. തൊഴില്‍, ഇഖാമ നിയമ ലംഘകരായി രാജ്യത്ത് കഴിയുന്ന പലരും തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെടുന്നതായും ആയുധക്കച്ചവടം, മയക്കുമരുന്ന് കടത്ത് എന്നിവയില്‍ ഏര്‍പ്പെടുന്നതായും തെളിഞ്ഞിട്ടുണ്ട്. സൗദിയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം നിയമലംഘകരെ ക്രമിനലുകളായി പരിഗണിച്ചേക്കുമെന്ന് വക്താവ് വിശദീകരിച്ചു.
രാജ്യത്തേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ ജോലി തേടി എത്തുന്നവരല്ല. നിയമലംഘകരെ കണ്ടത്താനുള്ള പരിശോധനയില്‍ 19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കുവഹിക്കും.
ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളാണ് ഇതില്‍ പ്രധാനം. തൊഴില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനക്ക് പുതിയ രീതി സ്വീകരിച്ചതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. നിയമ ലംഘകരെക്കുറിച്ച് മന്ത്രാലയത്തിന് വിവരം നല്‍കുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ 8,000 അറിയിപ്പുകള്‍ തൊഴില്‍ മന്ത്രാലയത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിന് കീഴില്‍ 800 പരിശോധകരുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
2016ല്‍ മാത്രം 2,86,000 തൊഴിലാളികളാണ് സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയത്. ഇതില്‍ 45,000 പേര്‍ വീട്ടുവേലക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
