വ്യാജ പൊലീസിനെ അവതരിപ്പിച്ച് ശമ്പളകുടിശ്ശിക വാങ്ങാൻ ശ്രമിച്ച മൂന്നു പാകിസ്താനികൾ അറസ്റ്റിൽ
text_fieldsജുബൈൽ: പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ച് സ്വദേശിയെ പരിചയപ്പെടുത്തി മാൻപവർ കമ്പനിയിൽ നിന്നും ശമ്പളം വാങ്ങിയെടുക്കാൻ ശ്രമിച്ച മൂന്നു പാകിസ്താൻ സ്വദേശികൾ പിടിയിലായി. ബഹറലി, അബ്ദുൽ ഗഫൂർ, ഹലീമുല്ല എന്നിവരാണ് വ്യാജ പൊലീസിനെ ഉപയോഗിച്ചതിന് ജുബൈൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പായിരുന്നു സംഭവം. ബംഗ്ലാദേശ് സ്വദേശിയായ അലി നടത്തുന്ന മാൻപവർ കമ്പനി വഴി ബഹറലി, അബ്ദുൽ ഗഫൂർ, ഹലീമുല്ല എന്നിവർ ഒരു കമ്പനിയിൽ ജോലിക്ക് പോയിരുന്നു. ശമ്പള കുടിശ്ശിക വന്നപ്പോൾ ഇവർ ജോലി നിർത്തി അലിയുടെ ഓഫീസിൽ പല തവണ കയറിയിറങ്ങി. എന്നാൽ ഇവർ ജോലി നോക്കിയ കമ്പനിയിൽ നിന്നും പണം ലഭിക്കാത്തതിനാൽ ശമ്പളം നൽകാനാവില്ലെന്ന് പറഞ്ഞു അലി ഇവരെ മടക്കിയയച്ചു.
കഴിഞ്ഞ ദിവസം ഫൈസൽ എന്ന ഒരു സ്വദേശിയേയും കൂട്ടി മാൻപവർ ഓഫീസിൽ എത്തിയ മൂവരും കൂടെയുള്ളത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറയുകയും പുറത്ത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനം ചൂണ്ടിക്കാട്ടി കൊടുക്കുകയും ചെയ്തു. ഭയ ചകിതനായ അലി കൈയിലുണ്ടായിരുന്ന 2000 റിയാൽ കൊടുത്തശേഷം ബാക്കി ഉടൻ എത്തിക്കാമെന്ന് ഉറപ്പും നൽകി. എന്നാൽ അറിയിച്ച സമയം കഴിഞ്ഞും ബാക്കി തുക കിട്ടാതെ വന്നതോടെ തൊഴിലാളികൾ യഥാർഥ പൊലീസിനെ സമീപിച്ചു. കേസിെൻറ ഭാഗമായി പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഏതാനും ദിവസം മുമ്പ് വ്യാജ പൊലീസുമായി മാൻപവർ ഓഫീസിൽ ചെന്ന കാര്യം മൂവരും വെളിപ്പെടുത്തിയത്.
സർക്കാർ സംവിധാനത്തെ വ്യാജമായി ഉപയോഗിച്ച് ശമ്പള കുടിശ്ശിക നേടാൻ ശ്രമിച്ച കാരണത്താൽ മൂന്നുപേരെയും അറസ്റ്റ് ചെയ്ത ജയിലിൽ അടക്കുകയായിരുന്നുവെന്നു പരിഭാഷകൻ അബ്ദുൽ കരീം കാസിമി പറഞ്ഞു. ബഹറലിയും, അബ്ദുൽ ഗഫൂറും ഇന്നലെ നാട്ടിൽ പോകാനിരുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
