പ്രവാസി മലയാളിയുടെ ഭാര്യയെയും  മകനെയും മര്‍ദിച്ചതായി പരാതി

  • വാഹനാപകടക്കേസിലെ നഷ്ടപരിഹാരം നോട്ട് പ്രതിസന്ധിമൂലം വൈകിയതാണത്രെ ആക്രമണകാരണം

09:59 AM
10/01/2017

ബുറൈദ: പ്രവാസി മലയാളിയുടെ നാട്ടിലെ വീട്ടില്‍ കയറി കുടുംബാംഗങ്ങളെ മര്‍ദിച്ചതായി പരായി. ബുറൈദ, ദാഹിയില്‍ ബഖാല ജീവനക്കാരനായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഹാഷിമാണ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്. വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനുള്ള നഷ്ടപരിഹാരം നല്‍കുന്നത് നോട്ട് പ്രതിസന്ധി മൂലം ഒരുദിവസം വൈകിയതിനാണ് കൊല്ലം പള്ളിക്കല്‍ സ്വദേശി ഷൈജു എന്നയാള്‍ തന്‍െറ ഭാര്യയെയും മകനെയും വീട്ടില്‍ കയറി മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. ഹാഷിമിന്‍െറ മകന്‍ ഹാഫിസ് സുഹൃത്തിന്‍െറ മാരുതി വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ പള്ളിക്കല്‍ കാട്ടുപുതുശ്ശേരിക്ക് സമീപം ഷൈജുവിന്‍െറ വാഹനവുമായി കൂട്ടിയിടിച്ചതാണ് സംഭവത്തിനാധാരം. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഷൈജുവിന്‍െറ വാഹനം നന്നാക്കുന്നതിന് ആവശ്യമായ തുക നല്‍കാമെന്ന് അപകട സമയത്ത് വാഹനമോടിച്ച ഹാഫിസും വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതനുസരിച്ച് ഹാഷിം ബുറൈദയില്‍നിന്ന് അയച്ച പണം നോട്ട് പ്രതിസന്ധിമൂലം പറഞ്ഞ ദിവസം കൈമാറാന്‍ സാധിച്ചില്ല. ഒരു ദിവസത്തെ സാവകാശം കൂടി ചോദിച്ചത് അംഗീകരിക്കാതിരുന്ന ഷൈജു വീട്ടിലത്തെി മകനെയും തടയാന്‍ ചെന്ന ഭാര്യയെയും മര്‍ദിച്ച് അവശരാക്കുകയായിരുന്നു എന്ന് ഹാഷിം പറയുന്നു. കല്ലമ്പലം പോലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതിയുടെ സ്വാധീനം മൂലം അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്നും ഹാഷിം ആരോപിക്കുന്നു.  സാമുഹിക പ്രവര്‍ത്തകനായ ഇഖ്ബാല്‍ പള്ളിമുക്കിന്‍െറ സഹായത്തോടെയാണ് എംബസിയില്‍ പരാതി നല്‍കിയത്.

COMMENTS