സൗദി എയര്‍ലൈന്‍സില്‍ വന്‍ അഴിച്ചു പണി
text_fieldsറിയാദ്: സല്‍മാന്‍ രാജാവിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ വന്‍ അഴിച്ചു പണി നടത്തി. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് സൗദി എയര്‍ലൈന്‍സിന് പുതിയ മനേജിങ് കൗണ്‍സിലിനെ നിയമിച്ചത്. ഗസ്സാന്‍ അബ്ദുറഹ്മാന്‍ അശ്ശിബിലാണ് പുതിയ ചെയര്‍മാന്‍. സാമ്പത്തികം, ആസൂത്രണം, ധനകാര്യം, സിവില്‍ സര്‍വീസ് എന്നീ മന്ത്രാലയങ്ങളുടെയും സൗദി ജനറല്‍ ഇന്‍വസ്റ്റ്മെന്‍റ് അതോറിറ്റിയുടെയും പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്നതാണ് കൗണ്‍സില്‍. സ്വകാര്യ മേഖലയില്‍ നിന്ന അഞ്ച് പ്രമുഖരെയും കൗണ്‍സില്‍ അംഗങ്ങളായി സല്‍മാന്‍ രാജാവ് നിയമിച്ചിട്ടുണ്ട്. അബ്ദുല്ല സാലിഹ് അദ്ദൂസരി, അബ്ദുല്‍ മുഹ്സിന്‍ അല്‍ഫാരിസ്, മുത്്ലഖ് അല്‍മുറൈശിദ്, സാമി സിന്‍ദി, അബ്ദുല്ല സുലൈമാന്‍ എന്നിവരാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍.
പുതിയ സ്വകാര്യ എയര്‍ലൈനുകള്‍ സൗദി ആഭ്യന്തര വ്യോമയാന മേഖലയിലേക്ക് കടന്നുവന്ന പശ്ചാത്തലത്തില്‍ കടുത്ത മത്സരം നേരിടാന്‍ പര്യാത്പമാവുന്ന മാനേജിങ് കൗണ്‍സില്‍ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് പുതിയ അഴിച്ചുപണിക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. സൗദി എയര്‍ലൈന്‍സിന്‍െറ വിവിധ ശാഖകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രമുഖരെ കൗണ്‍സില്‍ അംഗങ്ങളായി നിയമിച്ചിരിക്കുന്നത്. കാര്‍ഗോ, കാറ്ററിങ്, ഗ്രൗണ്ട് സപ്പോര്‍ട്ട്, ടിക്കറ്റിങ് തുടങ്ങിയ മേഖലകള്‍ വിവിധ ഘട്ടങ്ങളിലായി സ്വകാര്യവത്കരിക്കാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. സൗദി എയര്‍ലൈന്‍സ് കുത്തകയായിരുന്ന ആഭ്യന്തര വ്യോമയാന മേഖലയിലേക്ക് ആദ്യം നാസ് എയറും അടുത്ത കാലത്തായി സൗദി ഗള്‍ഫ്, നസ്മ എയര്‍ലൈന്‍സ് എന്നിവയും കടന്നുവന്നത് കടുത്ത മത്സരത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ഖത്തര്‍ എയര്‍വേഴ്സിന് കീഴിലുള്ള ‘അല്‍മഹാ’ എയര്‍ലൈനും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതിയോടെ ആഭ്യന്തര റൂട്ടില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
