നിയോം തുറമുഖത്ത് ക്രെയിൻ ഓപറേറ്റർമാരായി സൗദി യുവതികൾ
text_fieldsനിയോം തുറമുഖത്ത് ക്രെയിൻ ഓപറേറ്റർമാരായി പരിശീലനം നേടുന്ന സൗദി യുവതികൾ
തബൂക്ക്: നിയോം തുറമുഖത്ത് റിമോട്ട് ക്രെയിനുകൾ പ്രവർത്തിപ്പിക്കാൻ ഇനി സൗദി പെൺകരുത്തും. തബൂക്ക് സ്വദേശിനികളായ 10 യുവതികൾക്ക് റിമോട്ട് ക്രെയിൻ ഓപറേഷൻ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക ജോലികളിൽ പരിശീലനം നൽകാൻ നിയോം പോർട്ട് അധികൃതർ തുടക്കം കുറിച്ചു.
സാങ്കേതിക വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, കരിയർ മാർഗനിർദേശം എന്നിവ ഉൾപ്പെട്ട സിലബസിൽ രണ്ട് വർഷം നീളുന്നതാണ് പരിശീലനം. കപ്പലുകളിൽനിന്ന് കണ്ടെയ്നറുകളും ചരക്കുകളും ഡോക്കിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൂർണമായും ഓട്ടോമേറ്റഡ്, റിമോട്ട് നിയന്ത്രിത ക്രെയിനുകൾ നിയോം തുറമുഖത്ത് എത്തിയിട്ടുണ്ട്. ഇതിനൊപ്പം സ്മാർട്ട് ട്രേഡിനായി തുറമുഖത്ത് പുതിയ സജീകരണങ്ങൾ ഒരുക്കുകയാണ്. വനിതകളെ ഈ രംഗത്തേക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് വനിത ഓപറേറ്റർ പരിശീലനം ആരംഭിച്ചത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണ് റിമോട്ട് ക്രെയിൻ. ഇത് തുറമുഖത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സ്മാർട്ട്, സുസ്ഥിര വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
2026ൽ നൂതന കണ്ടെയ്നർ ടെർമിനൽ നമ്പർ (1) തുറക്കുന്നതിനുള്ള തയാറെടുപ്പിനായി നിയോം തുറമുഖത്ത് വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. പൂർണ ഓട്ടോമേഷൻ കൈവരിക്കാനുള്ള തുറമുഖത്തിന്റെ പദ്ധതിയുടെ ഭാഗമായി നൂതനമായ സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യകൾ തുറമുഖത്തിന്റെ ലോജിസ്റ്റിക് ശേഷി ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മേഖലയിലെ വ്യവസായിക വളർച്ചയെ പിന്തുണക്കുകയും ആഗോള വിപണികളിലേക്കുള്ള പ്രവേശനം വർധിപ്പിക്കുകയും ചെയ്യും. ഇത് വിതരണ ശൃംഖലകളുടെ വഴക്കവും കാര്യക്ഷമതയും വർധിപ്പിക്കുകയും പുതിയ ബിസിനസ് അവസരങ്ങൾ തുറക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

