സൗദി അറബ് ഐക്യത്തെ പിന്തുണക്കും
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽജീരിയയിൽ നടക്കുന്ന
അറബ് ഉച്ചകോടിയിൽ സംസാരിക്കുന്നു
ജിദ്ദ: സൗദി അറേബ്യ അറബ് ഐക്യത്തെ പിന്തുണക്കുകയും പൊതുവായ വെല്ലുവിളികളെ നേരിടാൻ സംവിധാനം കണ്ടെത്തുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. അൽജീരിയയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഭൗമരാഷ്ട്രീയ വൈരുധ്യങ്ങൾ, വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ലോകത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കൂട്ടായ അറബ് പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്ഥാനങ്ങൾ ഏകീകരിക്കേണ്ടതിന്റെയും അറബ് ലീഗ് രീതികൾ പരിഷ്കരിക്കുന്നതിന് പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകത മന്ത്രി സൂചിപ്പിച്ചു. ബാഹ്യ ഇടപെടലുകളെയും മിലീഷ്യകളെയും നേരിടാൻ യോജിച്ച ശ്രമങ്ങൾ അനിവാര്യമാണ്. മറ്റുള്ളവരുടെ ചെലവിൽ ആധിപത്യമെന്ന സമീപനം നിരസിക്കണം. അറബ് രാജ്യങ്ങളിൽ തങ്ങളുടെ മൂല്യങ്ങൾ അടിച്ചേൽപിക്കാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കണമെന്നും മന്ത്രി പറഞ്ഞു.അറബ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഏകീകരണം പ്രധാനമാണ്. സൗദി അറേബ്യ അതിനായി ശ്രമിക്കുന്നു. ആവശ്യങ്ങൾ നിറവേറ്റുന്നതിന് അറബ് ഏകീകരണത്തിന്റെ ആവശ്യകതയുണ്ട്. വിഷൻ 2030ന്റെ ചട്ടക്കൂടിനുള്ളിൽ സഹോദര രാജ്യങ്ങളിലെ വികസനത്തെ പിന്തുണക്കാൻ സൗദി അറേബ്യ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെയാണ് സൗദി അറേബ്യ പിന്തുണക്കുന്നതെന്നും ഫലസ്തീൻ വിഷയത്തിൽ മന്ത്രി പറഞ്ഞു.
യമനിൽ സമാധാനം കൈവരിക്കാൻ അന്താരാഷ്ട്ര സമ്മർദം തുടരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെടിനിർത്തൽ നീട്ടാനുള്ള യമനിലെ യു.എൻ പ്രതിനിധിയുടെ ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിനെ പിന്തുണക്കേണ്ട പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു. ലിബിയയിലെ തർക്കങ്ങൾക്കുള്ള പരിഹാരം ബാഹ്യ ഇടപെടലുകളിൽനിന്നുണ്ടാവില്ല. ഉള്ളിൽനിന്നുതന്നെയാണ് പ്രതിവിധി ഉണ്ടാവേണ്ടത്. ഇറാഖിന് ആവശ്യമായ പിന്തുണ നൽകുന്നത് തുടരും.
പരമാധികാരം സംരക്ഷിക്കാനും രാജ്യത്തെ ഒന്നിപ്പിക്കാനും കഴിയുന്ന ഒരു പ്രസിഡന്റിനെ ലബനാനിൽ തിരഞ്ഞെടുക്കണമെന്നും മന്ത്രി പറഞ്ഞു. സിറിയയുടെ അസ്ഥിത്വവും ഭൂമിയും സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുള്ള പിന്തുണയുണ്ടാകും. സുഡാനെ പിന്തുണക്കാനും സമവായവും സമാധാനവും കൈവരിക്കാനും സൗദി അറേബ്യ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

