സൗദി വെസ്റ്റ് നാഷനൽ ‘പ്രവാസി സാഹിത്യോത്സവ്’ ജനുവരി 23ന് മക്കയിൽ; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും
text_fieldsകലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് നാഷനൽ 'പ്രവാസി സാഹിത്യോത്സവ്' സംഘാടകർ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: മലയാളിയുടെ സർഗ്ഗാത്മകതയെ ആഗോളതലത്തിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സെന്ററിന് കീഴിലുള്ള കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ സൗദി വെസ്റ്റ് നാഷനൽ 'പ്രവാസി സാഹിത്യോത്സവ്' ജനുവരി 23 വെള്ളിയാഴ്ച മക്കയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മക്ക അൽജുമൂമിലെ അഫ്രഹ് അൽഅൻദലൂസ് ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുക. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ തുടങ്ങിയ വൻകരകളിലെ 26 രാഷ്ട്രങ്ങളിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവുകളുടെ ഭാഗമായാണ് സൗദി വെസ്റ്റിലും ഈ കലാമാമാങ്കം സംഘടിപ്പിക്കുന്നത്.
വിവിധ ഇടങ്ങളിലായി 3,000ത്തോളം പേർ പങ്കെടുത്ത ഫാമിലി സാഹിത്യോത്സവുകളിൽ തുടങ്ങി വിവിധ തലങ്ങളിൽ മത്സരിച്ചു വിജയിച്ച 300ഓളം പ്രതിഭകളാണ് നാഷനൽ തലത്തിൽ മാറ്റുരക്കുന്നത്. ജിസാൻ, അസീർ, അൽബഹ, ത്വാഇഫ്, മക്ക, ജിദ്ദ, മദീന, റാബഖ്, യാംബു, തബൂക്ക് തുടങ്ങി 11 സോണുകളെ പ്രതിനിധീകരിച്ചാണ് ഇവർ എത്തുന്നത്. 12 വേദികളിലായി ജൂനിയർ, സെക്കന്‍ററി, സീനിയർ, ജനറൽ തുടങ്ങി 14 കാറ്റഗറികളിലായി 80ഓളം മത്സരങ്ങൾ നടക്കും. മാപ്പിളപ്പാട്ട്, ദഫ്‌മുട്ട്, കവിതാ പാരായണം, വിവിധ ഭാഷാ പ്രസംഗങ്ങൾ എന്നിവയ്‌ക്കൊപ്പം വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, എഡിറ്റർക്കൊരു കത്ത്, പ്രബന്ധ രചന എന്നിവയും സോഷ്യൽ ട്വീറ്റ്, അറബിക് കാലിഗ്രാഫി, സ്പോട്ട് മാഗസിൻ, കൊളാഷ്, കവിത-കഥ രചനകൾ, ഹൈക്കു തുടങ്ങിയ ആധുനിക സർഗ്ഗാത്മക ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സാഹിത്യോത്സവിന്‍റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. എഴുത്തുകാരായ മുഹമ്മദലി പുത്തൂർ, ലുഖ്‌മാൻ വിളത്തൂർ, ജാബിറലി പത്തനാപുരം തുടങ്ങിയവർ സംബന്ധിക്കുന്ന പ്രത്യേക സാംസ്കാരിക കോർണറും പരിപാടിയുടെ ആകർഷണമായിരിക്കും. സാഹിത്യോത്സവിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'സ്നേഹോത്സവവും', പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ കലാ, സാംസ്കാരിക പ്രവർത്തങ്ങളിൽ ഭഗവാക്കാവാൻ കഴിയാത്തവർക്കായി 'കലോൽസാഹം' എന്ന പരിപാടിയും സ്ത്രീകൾക്കായി 'ഒരിടത്ത്' എന്ന സാഹിത്യ സംഗമവും ഇതിനോടകം സംഘടിപ്പിച്ചിരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഷാഫി ബാഖവി (ചെയർമാൻ, സംഘാടക സമിതി), ജമാൽ കക്കാട് (എക്സിക്യൂട്ടീവ് കൺവീനർ), മൻസൂർ ചുണ്ടമ്പറ്റ (ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി), ഉമൈർ വയനാട് (സൗദി വെസ്റ്റ് നാഷനൽ ജനറൽ സെക്രട്ടറി), ഷബീറലി തങ്ങൾ, റഫീഖ് കൂട്ടായി (സൗദി വെസ്റ്റ് നാഷനൽ സെക്രട്ടറിമാർ) എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

