സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ്: ജിസാൻ സോൺ ചാമ്പ്യന്മാർ
text_fieldsസാഹിത്യോത്സവിൽ കിരീടം ചൂടിയ ജിസാൻ സോൺ ട്രോഫിയുമായി
മക്ക: 'പ്രയാണം' എന്ന ശീർഷകത്തിൽ സൗദി വെസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 15-ാമത് എഡിഷൻ പ്രവാസി നാഷനൽ സാഹിത്യോത്സവിൽ 259 പോയിന്റുകൾ നേടി ജിസാൻ സോൺ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തിൽ നടന്ന കലാമാമാങ്കത്തിൽ 196 പോയിന്റുകളോടെ ജിദ്ദ സിറ്റി രണ്ടാം സ്ഥാനവും, 151 പോയിന്റോടെ മദീന മൂന്നാം സ്ഥാനവും നേടി. യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ വിജയിച്ച 11 സോണുകളിൽ നിന്നുള്ള 300-ഓളം പ്രതിഭകളാണ് നാഷനൽ തലത്തിൽ മാറ്റുരച്ചത്. രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ നിർവഹിച്ച 'പേപ്പർലെസ് സാഹിത്യോത്സവ്' എന്ന പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു. ക്യാമ്പസ് വിഭാഗത്തിൽ 86 പോയിന്റ് നേടി ജിദ്ദ നോർത്ത് ചാമ്പ്യന്മാരായപ്പോൾ മക്ക (55 പോയിന്റ്) രണ്ടാം സ്ഥാനവും അസീർ (49 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.
ജിസാൻ സോണിലെ മുഹമ്മദ് റബീഹിനെ കലാപ്രതിഭയായും മദീന സോണിലെ ആസിഫിനെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു. വനിതാ വിഭാഗം സർഗപ്രതിഭയായി മദീന സോണിലെ മുംതാസ് തിരഞ്ഞെടുക്കപ്പെട്ടു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ സാഹിത്യകാരൻ ശിഹാബ് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ സെക്രട്ടറി സയ്യിദ് ശബീറലി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് സിറാജ് കുറ്റ്യാടി, ഗ്ലോബൽ കലാലയം സെക്രട്ടറി മുഹമ്മദലി പുത്തൂർ, കെ.എം.സി.സി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സമൂഹത്തിന്റെ വോട്ടവകാശം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന ചർച്ചയും സമ്മേളനത്തിൽ ഉയർന്നു വന്നു. ഷാഫി ബാഖവി, കബീർ ചൊവ്വ, ഫഹദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

