ഭീകരവാദ പട്ടികയിൽ നിന്ന് സിറിയയെ ഒഴിവാക്കി അമേരിക്ക; തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
text_fieldsറിയാദ്: സിറിയയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ അമേരിക്ക നടപടിയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. 47 വർഷത്തിന് ശേഷമാണ് അമേരിക്ക ഈ സുപ്രധാന തീരുമാനം കൈക്കൊള്ളുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുന്നതിെൻറയും സിറിയക്ക് മേൽ ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് ലഭിക്കുന്നതിെൻറയും സൂചനയാണ് ഈ നടപടി.
ഇതിനൊപ്പം ‘ഹയാത് തഹ്‌രീർ അൽ ഷാം’ എന്ന സംഘടനയെയും ഭീകരപ്പട്ടികയിൽനിന്നും ഉപരോധങ്ങളിൽനിന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറും ട്രഷറി ഡിപ്പാർട്ട്‌മെൻറും ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഈ തീരുമാനത്തെ സൗദി അറേബ്യ ഔദ്യോഗികമായി സ്വാഗതം ചെയ്യുകയും സിറിയൻ സർക്കാരിനെയും ജനങ്ങളെയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
സിറിയയിൽ സുസ്ഥിരമായ സുരക്ഷയും ക്രമസമാധാനവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിച്ച സൗദി വിദേശകാര്യ മന്ത്രാലയം, ജനങ്ങളുടെ പ്രതീക്ഷകൾക്കനുസൃതമായി രാജ്യത്തിെൻറ പുനർനിർമാണം വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നും വ്യക്തമാക്കി. രാജ്യത്തിെൻറ സുരക്ഷ ശക്തമാക്കുന്നതിനും ഭരണസംവിധാനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനുമായി സിറിയ നിലവിൽ സ്വീകരിച്ചു വരുന്ന നടപടികൾക്ക് സൗദി പൂർണ പിന്തുണ ആവർത്തിച്ചു.
അതേസമയം, അമേരിക്കൻ നടപടിയെ സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽ ഷറാ ഹൃദ്യമായി സ്വാഗതം ചെയ്തു. സിറിയ നേരിട്ടിരുന്ന കറുത്ത ഭൂതകാലത്തിെൻറ ഏടുകൾ അവസാനിപ്പിക്കാനുള്ള അവസരമാണിതെന്ന് പ്രസ്താവിച്ച അദ്ദേഹം, വികസനത്തിെൻറയും പുനർനിർമാണത്തിെൻറയും പുതിയൊരു അധ്യായത്തിലേക്ക് രാജ്യം കടക്കുകയാണെന്ന് വ്യക്തമാക്കി. ഈ ഘട്ടത്തിൽ സിറിയയെ പിന്തുണച്ചതിന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനും മറ്റ് സൗഹൃദ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

