ഗസ്സ ആയുധമുക്തമാക്കാനുള്ള കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
text_fieldsചരിത്രപരമായ ഈ നേട്ടം കൈവരിക്കുന്നതിനായി നിരന്തരം പരിശ്രമിച്ച ഈജിപ്ത്, ഖത്തർ, തുർക്കി, യു.എസ്.എ, പീസ് കൗൺസിൽ (സമാധാന സമിതി), മറ്റ് പങ്കാളിത്ത രാജ്യങ്ങൾ എന്നിവരുടെ നയതന്ത്ര ശ്രമങ്ങളെ സൗദി അറേബ്യ ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രത്യേകം അഭിനന്ദിച്ചു.
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയത്തിലൂടെ അംഗീകരിച്ച സമഗ്ര സമാധാന പദ്ധതി നടപ്പാക്കുന്നതിൽ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് മുന്നോട്ടുപോകാൻ സൗദി അറേബ്യ പൂർണമായി പ്രതിജ്ഞാബദ്ധമാണ്. കരാറിൽ ധാരണയായ എല്ലാ ഘട്ടങ്ങളും കൃത്യമായ സമയപരിധിക്കുള്ളിൽ, പൂർണ്ണ വിശ്വസ്തതയോടെ, മാറ്റമില്ലാത്ത വിധം അന്തിമമായി നടപ്പാക്കേണ്ടതിെൻറ പ്രാധാന്യം മന്ത്രാലയം എടുത്തുപറഞ്ഞു.
ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിന്മാറേണ്ടതിെൻറയും, പ്രദേശത്ത് അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിന്യസിക്കേണ്ടതിെൻറയും ആവശ്യകത സൗദി അറേബ്യ ചൂണ്ടിക്കാട്ടി. കൂടാതെ ഫലസ്തീൻ ജനതയ്ക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ തടസ്സങ്ങളില്ലാതെ എത്തിക്കുന്നതും പുനരധിവാസ-പുനർനിർമാണ പ്രവർത്തനങ്ങൾ തുടരുന്നതും ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
യു.എൻ രക്ഷാസമിതി പ്രമേയം 2803 വ്യക്തമാക്കുന്നത് പോലെ, ഫലസ്തീനിയൻ അതോറിറ്റി ഗസ്സ മുനമ്പിലേക്ക് തിരിച്ചെത്തുന്നതും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളുടെ ഐക്യം നിലനിർത്തുന്നതുമാണ് സമഗ്ര സമാധാന പദ്ധതിയുടെ വിജയത്തിനും സുസ്ഥിരമായ സമാധാനത്തിനും അടിത്തറയെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
ഈ കരാർ ഒരു സമഗ്ര രാഷ്ട്രീയ പാതയുടെ തുടക്കമാകണമെന്ന് സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. സ്വയം നിർണ്ണയാവകാശവും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണവും ഉൾപ്പെടെയുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പുനൽകാനും, പരസ്പര അംഗീകാരത്തിെൻറ അടിസ്ഥാനത്തിൽ ഫലസ്തീനും ഇസ്രായേലും തമ്മിൽ സമാധാനപരമായ സഹവർത്തിത്വം കൈവരിക്കാനും ഇത് വഴിയൊരുക്കണം.
സംഘർഷം അവസാനിപ്പിക്കാനും മേഖലയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷയും സ്ഥിരതയും പങ്കാളിത്ത സമൃദ്ധിയും നിറഞ്ഞ ഭാവി കെട്ടിപ്പടുക്കാനും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രാലയം പ്രസ്താവന അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

