വിസ നിരക്കുകൾ ഏകീകരിച്ചു; സൗദി സന്ദർശനം എളുപ്പമാകും

  • ഒരു വർഷത്തേക്ക്​ മള്‍ട്ടിപ്പ്ള്‍ റീ എന്‍ട്രി വിസയടക്കം എല്ലാ തരം  സന്ദർശക​ വിസകൾക്കും 300 റിയാൽ   

09:12 AM
12/09/2019
saudi-arabia

ജിദ്ദ: വിദേശികൾക്ക്​ സന്ദർശനം എള​ുപ്പമാക്കി സൗദിയിൽ സന്ദർശക വിസ നിരക്കുകൾ ഏകീകരിച്ചു. 1000 റിയാലിലേറെ ചെലവുണ്ടായിരുന്ന  ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് 300 റിയാലായാണ്​ കുറച്ചത്​. എല്ലാതരം  സന്ദർ​ശക വിസകള്‍ക്കും ഫീ 300 റിയാലായി‍.  ഹജ്ജ്​, ഉംറ, ടൂറിസ്​റ്റ്​, ബിസിനസ്​, വിസിറ്റ്​, ട്രാൻസിറ്റ്​, മൾട്ടിപ്പിൾ എൻട്രി വിസകൾക്കെല്ലാം  ഇനി ഏകീകൃത നിരക്കായിരിക്കും. കഴിഞ്ഞ ദിവസമാണ്​ വിസ ഫീസ്​ എകീകരിക്കാൻ തീരുമാനമായത്.  ഇതി​​െൻറ ഭാഗമായാണ്​ ഉംറ സ്​റ്റാമ്പിങ്​ ഫീ 50 ൽ നിന്ന്​ 300 റിയാൽ ആയത്​. സിംഗിൾ എൻട്രി വിസയുടെ കാലാവധി ഒരു മാസമാണ്​. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ മൂന്നു മാസം വരെ തങ്ങാം. 

ട്രാൻസിറ്റ്​ വിസ കാലാവധി 96 മണിക്കൂറാണ്​. അതേ സമയം ആവർത്തിച്ചുള്ള ഉംറക്ക്​ ഏർപെടുത്തിയിരുന്ന 2000 റിയാൽ അധികഫീസ്​ എടുത്തു കളഞ്ഞിട്ടുണ്ട്​്​.  സന്ദര്‍ശക വിസ നിരക്കുകള്‍ കുത്തനെ കുറച്ചത്​ ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കുമെന്നാണ്​ പ്രതീക്ഷ​. ഇൗ വർഷം ഡിസംബറിന് മുമ്പ്​  എല്ലാ രാജ്യങ്ങള്‍ക്കും സൗദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കും. സമ്പദ്ഘടനയില്‍ ടൂറിസം മേഖല വഴി വന്‍നേട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.  നേരത്തെ, ആയിരം റിയാലിലേറെ ചെലവുണ്ടായിരുന്നു ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക്.

ബിസിനസ് വിസകള്‍ക്കും ടൂറിസം വിസകള്‍ക്കുമുള്ള നടപടികള്‍ എളുപ്പമാക്കിയിട്ടുണ്ട്. പ്രത്യേക ഇവൻറുകള്‍ക്കായി നിമിഷങ്ങൾക്കകം വിസ അനുവദിക്കൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്​.  ഇതിന് പുറമേയാണ് ടൂറിസം വിസകള്‍ അനുവദിക്കുക. 51 രാജ്യങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കും. ഇതില്‍ ഇന്ത്യയില്ല. എന്നാല്‍ ഡിസംബറോടെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ടൂറിസം വിസ അനുവദിക്കുന്നതോടെ സൗദിയിലേക്കുള്ള യാത്ര അനായാസമാകും. ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വിസ നിരക്ക് കുറച്ച നടപടി ഗുണമാകും. ഫാമിലി വിസ ലഭിക്കാത്തവര്‍ക്കും പുതിയ തീരുമാനം നേട്ടമാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.
 

Loading...
COMMENTS