സൗദി-തുർക്കിയ റെയിൽവേ ലിങ്ക് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും
text_fieldsതുർക്കിയ ഗതാഗത മന്ത്രി അബ്ദുൽ ഖാദിർ ഉറലോഗ്ലു
റിയാദ്: സൗദി അറേബ്യയെയും തുർക്കിയയെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ റെയിൽവേ പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് തുർക്കിയ ഗതാഗത മന്ത്രി അബ്ദുൽ ഖാദിർ ഉറലോഗ്ലു അറിയിച്ചു.
കൃത്യമായ സമയപരിധിയോടെ നടപ്പാക്കുന്ന ഈ ബൃഹത്തായ പദ്ധതി, ഭാവിയിൽ മുഴുവൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
റിയാദ്-അങ്കാറ റെയിൽവേ കണക്ഷന്റെ സാമ്പത്തിക വശങ്ങൾ ഉൾപ്പെടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടും.
സൗദി അറേബ്യയിൽനിന്ന് ആരംഭിച്ച് ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് റെയിൽവേ ശൃംഖല തുർക്കിയയിലെത്തുക. ഇതിനുപുറമേ, ഇറാഖും പദ്ധതിയുടെ ഭാഗമാകാനുള്ള സാധ്യതയുണ്ടെന്ന് തുർക്കിയ മന്ത്രി സൂചിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ -ജോർദാൻ റെയിൽവേ ലൈനുകളുടെ നിർമാണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. സമാനമായി തുർക്കിയ സിറിയയിലേക്കുള്ള തങ്ങളുടെ ശൃംഖലയും വ്യാപിപ്പിച്ചു കഴിഞ്ഞു. ഇനി സിറിയൻ, ജോർദാൻ ഭാഗങ്ങളിലെ റെയിൽവേ ബന്ധം മാത്രമാണ് പൂർത്തിയാകാനുള്ളത്.
സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽ ജാസറും തുർക്കിയ ഗതാഗത മന്ത്രി അബ്ദുൽ ഖാദിർ ഉറലോഗ്ലുവും തമ്മിൽ ചൊവ്വാഴ്ച ഒപ്പുവെച്ച ചരിത്രപരമായ കരാറിന് പിന്നാലെയാണ് പ്രഖ്യാപനം. ചരക്കുനീക്ക, യാത്ര രംഗങ്ങളിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നതുമാണ് കരാർ.
അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാനും റെയിൽ ഗതാഗത മേഖല നവീകരിക്കാനുമുള്ള സൗദി അറേബ്യയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സൗദിയുടെ ദേശീയ ഗതാഗത-ലോജിസ്റ്റിക്സ് തന്ത്രങ്ങൾക്കും, മൂന്ന് ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി രാജ്യത്തെ മാറ്റാൻ ലക്ഷ്യമിടുന്ന ‘വിഷൻ 2030’ പദ്ധതികൾക്കും പൂർണമായും അനുസൃതമായാണ് റെയിൽവേ ലിങ്ക് വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ യാത്രാ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും, വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

