അൽ അയ്സ്: ഭൗമശാസ്ത്ര ഗവേഷകരെ മാടിവിളിക്കുന്ന നഗരി
text_fieldsമദീനയിൽനിന്ന് ഏകദേശം 130 കി.മീറ്റർ വടക്ക് സഞ്ചരിച്ചാൽ ഭൗമശാസ്ത്ര ഗവേഷകരെ മാടിവിളിക്കുന്ന ഒരു പ്രദേശമുണ്ട്. ‘അൽ അയ്സ്’ എന്ന കൊച്ചു നഗരിയിൽനിന്ന് മരുഭൂമിയിലൂടെ 40 കി.മീറ്റർ സഞ്ചരിച്ചാൽ എത്താൻകഴിയുന്ന ഈ പ്രദേശത്തിെൻറ വേറിട്ട പ്രത്യേകതയാണ് ഗവേഷകരെയും വിദ്യാർഥികളെയും സന്ദർശകരെയും ഒരുപോലെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ‘ഹരാത്ത് ഖൈബർ’ എന്ന പേരിലറിയപ്പെടുന്ന ഇവിടത്തെ അഗ്നിപർവത മേഖല ഏകദേശം 14,000 ചതുരശ്ര കി.മീറ്റർ വ്യാപിച്ചുകിടക്കുന്നതാണ്.
എ.ഡി. 600നും 700നും ഇടയിലുള്ള കാലഘട്ടത്തിൽ വലിയതോതിൽ ഈ പ്രദേശത്ത് അഗ്നിപർവതസ്ഫോടനം നടന്നതായി ഭൗമശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അതിെൻറ മായാത്ത അടയാളങ്ങൾ എമ്പാടുമുണ്ട് ഇവിടെ. 2009ൽ പ്രദേശത്ത് നിരവധി തവണ ഭൂമികുലുക്കം അനുഭവപ്പെടുകയും അതോടനുബന്ധിച്ച് അഗ്നിപർവത സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പും കണക്കിലെടുത്ത് സൗദി അധികൃതർ ഇവിടത്തെ ആളുകളെ യാമ്പു, മദീന എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
സ്ഫോടനം ഉണ്ടാകുമോ എന്ന ആശങ്കയോടെ വലിയ മുൻകരുതലാണ് അന്ന് സൗദി ഭരണകൂടം എടുത്തിരുന്നത്. അപകടരഹിതമായ ചെറുഭൂചലനങ്ങൾ അന്ന് ഈ പ്രദേശത്ത് ഉണ്ടായതായി രേഖപ്പെടുത്തിയെങ്കിലും മറ്റൊരു സ്ഫോടനമോ ദുരന്തങ്ങളോ അൽ അയ്സ് നഗരിയിൽ ഇതുവരെ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
വോൾക്കാനോ പ്രദേശത്തെ 40 കി.മീറ്റർ ചുറ്റളവിൽ സ്ഥിരതാമസക്കാർ ഇപ്പോഴും ഇവിടെ കുറവാണ്. മദീനയിലും യാമ്പുവിലും സ്ഫോടന സാധ്യതവർഷത്തിൽ ദുരിതാശ്വാസ ക്യാമ്പുകളും വൻ സന്നാഹങ്ങളും അധികൃതർ ഒരുക്കിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയും നോട്ടവും ഈ പ്രദേശത്തേക്ക് അന്നുണ്ടായി. മദീന ഗവർണർ അൽ അയ്സ് പ്രദേശത്തേക്ക് പിന്നീട് പല വികസന പദ്ധതികൾ നടപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും അങ്ങിങ്ങായി ഈ പ്രദേശത്ത് ഗ്രാമീണരായ അറബികൾ കുടുംബത്തോടൊപ്പം താമസിക്കാൻ തുടങ്ങി. താമസ സ്ഥലത്തിനരികെ ചെറുതും വലുതുമായ ഒട്ടകങ്ങളുടെയും ആടുകളുടെയും ഫാമുകളും കാണാം.
അഗ്നിപർവതങ്ങളിൽനിന്ന് പുറപ്പെടുന്ന ‘മാഗ്മ’ യിലെ വാതകം വേർപെട്ട് രൂപപ്പെട്ട വലിയ ശിലാഖണ്ഡങ്ങൾ മുതൽ ചെറുകല്ലുകളും തരികളുംവരെയായി ഇവിടെ രൂപമാറ്റം സംഭവിച്ചതായി കാണാം. അഗ്നിപർവതത്തിൽനിന്ന് നാലു ഭാഗത്തേക്കും ലാവ ഒഴുകി വന്ന് ഘനീഭവിച്ച കറുത്ത ശിലകൾ ദുരന്തത്തിെൻറ വ്യാപ്തിയും മറ്റും പഠന വിധേയമാക്കാനും ശിലകളെക്കുറിച്ച് പഠിക്കാനുമൊക്കെ ഗവേഷകർക്ക് കഴിയും. ഇരുമ്പും ഉരുക്കുംപോലെ തോന്നിപ്പോകുന്ന ഈ ശിലയിൽ വായു പുറംതള്ളിയ ഭാഗത്ത് ധാരാളം ദ്വാരങ്ങൾ ഇപ്പോഴും പ്രകടമാണ്.
വ്യവസായികാവശ്യത്തിന് ഈ പ്രദേശത്തുനിന്ന് കരിമണൽ ഖനനവും നടക്കുന്നുണ്ട്. ഭൂമിശാസ്ത്ര വിഷയത്തിലെ പഠനത്തിൽ തൽപരരായവരും പ്രകൃതിയുടെ വശ്യതയിൽ ആകൃഷ്ടരായവരുമായ സഞ്ചാരികളും ഗവേഷകരും അൽ അയ്സ് ഭൂപ്രദേശത്തിലെ ‘വോൾക്കാനോ’ മേഖല കാണാൻ എത്തുന്നു. വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള ആകർഷണീയമായ പാറക്കല്ലുകൾ പ്രകൃതിയുടെ അവാച്യമായ ഭംഗി നമുക്ക് പകർന്നുതരും. അപൂർവമായി മാത്രമേ ഇവിടെ പുല്ലു മുളക്കൂ. സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഇവിടെ ലാവയൊഴുകിയതിെൻറ അടയാളങ്ങൾ ഇപ്പോഴുമുണ്ട്. സൗദിയിലെ പ്രശസ്ത സർവകലാശാലകളിലെ ഭൂമിശാസ്ത്ര പഠനത്തിൽ വിദഗ്ധരായവരുമായി ആവശ്യമായ ചർച്ചകൾ നടത്തിയാണ് ഇവിടത്തെ വികസന പ്രവർത്തനങ്ങൾ അധികൃതർ ഇപ്പോൾ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
