സൗദി ടൂറിസം കുതിപ്പിലേക്ക്; മെഗാ പദ്ധതികൾ വൻ നേട്ടമാകുമെന്ന് മന്ത്രി അഹ്മദ് അൽഖത്തീബ്
text_fieldsസൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് റോമിൽ നടന്ന പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കുന്നു
റിയാദ്: സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായി സഹകരിച്ച് ആരംഭിച്ച വൻകിട ടൂറിസം പദ്ധതികളുടെ ഗുണഫലങ്ങൾ രാജ്യം കൊയ്തുതുടങ്ങിയതായി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പ്രസ്താവിച്ചു.
റോമിൽ നടന്ന പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെ, രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിൽ ടൂറിസം മേഖല വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെ നിരവധി ബൃഹദ് പദ്ധതികളാണ് ഇതിനകം രാജ്യത്ത് പ്രവർത്തനസജ്ജമായിരിക്കുന്നത്. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധാന്തരീക്ഷവും കാരണം മുൻവർഷത്തെ അപേക്ഷിച്ച് ആദ്യ അഞ്ച് മാസങ്ങളിൽ സൗദിയിലെ ടൂറിസം മേഖലയിൽ ഏകദേശം അഞ്ച് ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികളും വിമാന ഇന്ധനവില വർധനയും കണക്കിലെടുക്കുമ്പോൾ ഈ താൽക്കാലിക ഇടിവ് സ്വാഭാവികമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എങ്കിലും ആഗോള സൂചികകളുമായി താരതമ്യം ചെയ്യുമ്പോൾ സൗദി കൈവരിച്ച നേട്ടങ്ങൾ ഏറെ മികച്ചതാണ്. നിലവിൽ സൗദി ടൂറിസം മേഖലയ്ക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്നത് ആഭ്യന്തര ടൂറിസമാണ്.
നടപ്പുവർഷത്തെ ആകെ ടൂറിസം പ്രവർത്തനങ്ങളുടെ 60 ശതമാനവും ആഭ്യന്തര സഞ്ചാരികളിൽ നിന്നാണ്. അന്താരാഷ്ട്ര യാത്രാ തടസ്സങ്ങൾക്കിടയിലും സ്വദേശി ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ പുരോഗതിയുണ്ടായി. ഒപ്പം, ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളിൽ കൃത്രിമബുദ്ധി (AI) ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മന്ത്രാലയം വിലയിരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള മാന്ദ്യം താൽക്കാലികം മാത്രമാണെന്നും ആഭ്യന്തര ടൂറിസത്തിന്റെ വികാസത്തിലൂടെയും പുതിയ മെഗാ പ്രോജക്ടുകളിലൂടെയും സൗദി ടൂറിസം മേഖല ശക്തമായി തിരിച്ചുവരുമെന്നും മന്ത്രി അഹ്മദ് അൽഖത്തീബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

