സൗദി ടൂറിസം മേഖലയിൽ വൻ കുതിപ്പ്: 2025 ആദ്യ പകുതിയിൽ 6.09 കോടി സഞ്ചാരികൾ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ ടൂറിസം മേഖല 2025ന്റെ ആദ്യ പകുതിയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ഈ കാലയളവിൽ ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ആകെ എണ്ണം 6.09 കോടിയായി.
ഇത് 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.1 ശതമാനം വർധനയാണ്. മൊത്തം ടൂറിസം വരുമാനം 161.4 ബില്യൺ റിയാൽ കവിഞ്ഞത് ഈ മേഖലയിലെ വളർച്ചയുടെ സൂചനയാണ്. വരുമാനത്തിൽ നാല് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മക്കയും മദീനയുമാണ് വിദേശ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിച്ച ലക്ഷ്യസ്ഥാനങ്ങൾ. അതേസമയം ആഭ്യന്തര ടൂറിസ്റ്റുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ റിയാദും കിഴക്കൻ പ്രവിശ്യയുമാണ്. വിനോദം, ഷോപ്പിങ്, കായിക യാത്രകൾ എന്നിവക്കാണ് സഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം. ഇതിനുപിന്നാലെ തീർഥാടന യാത്രകളും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനുള്ള യാത്രകളും വരുന്നു.
അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ശരാശരി താമസ ദൈർഘ്യം 6.7 രാത്രികളും ആഭ്യന്തര ടൂറിസ്റ്റുകളുടേത് 18.6 രാത്രികളുമാണ്. ടൂറിസ്റ്റുകൾക്കിടയിലെ താമസ സൗകര്യങ്ങളിൽ ഹോട്ടലുകൾക്കാണ് മുൻഗണന. മൊത്തം സഞ്ചാരികളിൽ 43 ശതമാനം പേർ ഹോട്ടലുകളെയാണ് ആശ്രയിച്ചത്. ബാക്കിയുള്ളവർ ഫർണിഷ്ഡ് അപ്പാർട്ട്മെന്റുകളും സ്വകാര്യ വസതികളും താമസത്തിനായി തിരഞ്ഞെടുത്തു.
ടൂറിസ്റ്റുകളെ സൗദിയിലേക്ക് അയച്ച രാജ്യങ്ങളിൽ ഈജിപ്ത്, പാകിസ്താൻ, കുവൈത്ത് എന്നിവയാണ് മുന്നിൽ. ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഈ പട്ടികയിൽ പ്രധാന സ്ഥാനങ്ങളിലുണ്ട്.
ദേശീയ സമ്പദ്വ്യവസ്ഥയിൽ ടൂറിസത്തിന്റെ സംഭാവന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സൗദിയുടെ വിഷൻ 2030 ന്റെ വിജയകരമായ പുരോഗതിയെയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്.
സുസ്ഥിരമായ ടൂറിസം വളർച്ച തുടരുന്നതിന്റെ സൂചന കൂടിയാണ് ഈ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

