Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്: തീർഥാടകരുടെ...

ഹജ്ജ്: തീർഥാടകരുടെ താമസകേന്ദ്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ സൗദി ടൂറിസം മന്ത്രാലയം പുതുക്കി

text_fields
bookmark_border
news
cancel

മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിലെയും മദീനയിലെയും തീർഥാടകരുടെ താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ സൗദി ടൂറിസം മന്ത്രാലയം നിർണായക ഭേദഗതികൾ വരുത്തി.

ഹജ്ജ് സീസൺ ലോഡ്ജുകളുടെ പ്രവർത്തനം, ലൈസൻസിങ്, തരംതിരിക്കൽ, ചട്ടലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവയിലാണ് പുതിയ ഭേദഗതികൾ അംഗീകരിച്ചിട്ടുള്ളത്. തീർഥാടകർ എത്തുന്നതിന് മുൻപായി താമസകേന്ദ്രങ്ങളുടെ സജ്ജീകരണം പൂർത്തിയാക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രവർത്തനപരമായ കാര്യങ്ങൾ ഏകോപിപ്പിക്കാനുമാണ് ഈ നടപടി.

തീർഥാടകർക്ക് മികച്ച താമസസൗകര്യം ഉറപ്പാക്കുന്നതിനാണ് പുതിയ ഭേദഗതികളെന്ന് ടൂറിസം മന്ത്രാലയ ഔദ്യോഗിക വക്താവ് നസ്ർ അൽ അൻസാരി വ്യക്തമാക്കി. താമസസ്ഥലങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കൽ, സുരക്ഷാ-അറ്റകുറ്റപ്പണി നിബന്ധനങ്ങൾ പാലിക്കൽ, അടിസ്ഥാന സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത, അംഗീകൃത മാനദണ്ഡങ്ങളുടെ കൃത്യമായ നടത്തിപ്പ് എന്നിവയാണ് പുതിയ നിയമപ്രകാരം പ്രധാനമായും ഉറപ്പുവരുത്തുന്നത്.

പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഹജ്ജ് സീസൺ ലോഡ്ജുകളെ ‘ഇക്കണോമി’, ‘ഫസ്​റ്റ്​ ക്ലാസ്’ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേക നിബന്ധനകളും ആവശ്യകതകളും നിശ്ചയിച്ചിട്ടുണ്ട്. പൊതുസൗകര്യങ്ങൾ, മുറികൾ, റിസപ്ഷൻ, ശുചിത്വം, അറ്റകുറ്റപ്പണികൾ, അതിഥികൾക്കുള്ള സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ലൈസൻസ് അനുവദിക്കുന്ന സമയത്ത് മാത്രമല്ല, തീർഥാടകരുടെ മുഴുവൻ താമസം നീണ്ടുനിൽക്കുന്ന കാലയളവിലുടനീളം സുരക്ഷയും ഗുണനിലവാരവും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധനയും നിരീക്ഷണ സംവിധാനവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

തീർഥാടകർക്ക് ആതിഥ്യമരുളുകയെന്നത് ചരിത്രപരമായ സമ്പന്നമായ പാരമ്പര്യത്തി​െൻറ പ്രതിഫലനമാണെന്നും അത് ഏവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഹജ്ജ് സീസണിൽ താമസസൗകര്യം നൽകുന്നതിനായി ലൈസൻസ് നേടാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നിബന്ധനകളും അറ്റകുറ്റപ്പണികളും മുൻകൂട്ടി പൂർത്തിയാക്കി അപേക്ഷകൾ സമർപ്പിക്കണമെന്ന് ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimSaudi ArabiaTourism MinistryHajj season
News Summary - Saudi Tourism Ministry updates standards for Hajj pilgrim accommodation
Next Story