Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള ലോജിസ്റ്റിക്...

ആഗോള ലോജിസ്റ്റിക് ഹബ്ബാകാൻ സൗദി; സൗദി റെയിൽവേ അഞ്ച് പുതിയ ചരക്ക് ഗതാഗത പാതകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
ആഗോള ലോജിസ്റ്റിക് ഹബ്ബാകാൻ സൗദി; സൗദി റെയിൽവേ അഞ്ച് പുതിയ ചരക്ക് ഗതാഗത പാതകൾ പ്രഖ്യാപിച്ചു
cancel

റിയാദ്: ആഗോള വിതരണ ശൃംഖലയിൽ സൗദി അറേബ്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി സൗദി റെയിൽവേ (സാർ) അഞ്ച് പുതിയ ചരക്ക് ഗതാഗത പാതകൾക്ക് തുടക്കം കുറിച്ചു. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിക്കാനും ചരക്ക് നീക്കം കൂടുതൽ സുഗമമാക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അറേബ്യൻ ഗൾഫ് തീരത്തെ പ്രധാന തുറമുഖങ്ങളെ സൗദിയുടെ മധ്യ-വടക്കൻ പ്രവിശ്യകളുമായി ബന്ധിപ്പിച്ചാണ് ഈ പാതകൾ വിഭാവനം ചെയ്തിരിക്കുന്നത്. ചെങ്കടൽ തുറമുഖങ്ങളിലേക്കും രാജ്യത്തിെൻറ വടക്കൻ അതിർത്തികൾക്കപ്പുറമുള്ള അയൽരാജ്യങ്ങളിലേക്കും നീളുന്ന ഈ ശൃംഖല, കര-റെയിൽ മാർഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ‘മൾട്ടി-മോഡൽ’ ഗതാഗത സംവിധാനമാണ് ഉറപ്പാക്കുന്നത്. റിയാദിലെ ഡ്രൈ പോർട്ട് കേന്ദ്രീകരിച്ചാണ് ഈ ചരക്ക് നീക്കങ്ങൾ നിയന്ത്രിക്കപ്പെടുന്നത്. ദമ്മാം, ജുബൈൽ, റാസ് അൽ ഖൈർ, അൽ ഖർജ്, ഹാഇൽ, അൽ ഖുറയ്യാത്ത് എന്നിവിടങ്ങളിലെ ‘സാർ’ ചരക്ക് യാർഡുകൾ വഴി ഗൾഫ്-ചെങ്കടൽ തുറമുഖങ്ങളെ ഈ പാതകൾ പരസ്പരം ബന്ധിപ്പിക്കുന്നു.

വൻകിട വ്യവസായ സംരംഭങ്ങൾ, ഖനന കമ്പനികൾ, അന്താരാഷ്ട്ര ഷിപ്പിങ് ലൈനുകൾ എന്നിവർക്ക് വേഗമേറിയതും വിശ്വസനീയവുമായ ഗതാഗത സേവനം ഇതിലൂടെ ലഭ്യമാകും. പുതിയ റെയിൽ പാതകൾ പ്രവർത്തനസജ്ജമാകുന്നതോടെ റോഡുകളിലെ ആയിരക്കണക്കിന് ട്രക്കുകളുടെ യാത്ര ഒഴിവാക്കാൻ സാധിക്കും. ഇത് റോഡപകടങ്ങൾ കുറയ്ക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും സഹായിക്കും. കൂടാതെ, കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന് കരുത്തുപകരാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ പുതിയ സംവിധാനത്തിലൂടെ ചരക്ക് നീക്കത്തിനുള്ള സമയം പകുതിയോളം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിതരണ ശൃംഖലയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നത് വഴി പ്രാദേശികവും അന്തർദേശീയവുമായ വ്യാപാരം കൂടുതൽ സുഗമമാകും.‘സൗദി അറേബ്യയെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ഒരു പ്രധാന ലോജിസ്റ്റിക് ഇടനാഴിയായി ഉയർത്തുന്നതിൽ ഈ പാതകൾ നിർണായക പങ്കുവഹിക്കും. ആഗോള വ്യാപാര പ്രവാഹത്തിെൻറ കേന്ദ്രബിന്ദുവായി രാജ്യത്തെ മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ -സൗദി റെയിൽവേ സി.ഇ.ഒ എൻജി. സാലിഹ് അൽ ജാസർ. രാജ്യത്തെ വിവിധ സർക്കാർ വകുപ്പുകളുടെയും ഗതാഗത ഏജൻസികളുടെയും പൂർണമായ സഹകരണത്തോടെയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്. ഇത് സൗദി വിഷൻ 2030െൻറ ഭാഗമായുള്ള ഗതാഗത-ലോജിസ്റ്റിക്സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയൊരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.

ചരക്ക് ഗതാഗത റൂട്ടുകൾ

1. കിഴക്കൻ മേഖലയിലെ തുറമുഖങ്ങൾ - അൽ ഖുറയ്യാത്ത് - രാജ്യത്തിെൻറ വടക്കൻ അതിർത്തികൾ:

(അൽ ഖുറയ്യാത്ത് സ്റ്റേഷൻ വഴി കണ്ടെയ്‌നറുകളുടെ ഇറക്കുമതി, കയറ്റുമതി, ട്രാൻസിറ്റ് എന്നിവയ്ക്കായുള്ള പാത).

2. കിഴക്കൻ മേഖലയിലെ തുറമുഖങ്ങൾ - റിയാദ് - പടിഞ്ഞാറൻ മേഖലയിലെ തുറമുഖങ്ങൾ:

(കിഴക്കൻ മേഖലയിലെ തുറമുഖങ്ങളെ റിയാദ് ഡ്രൈ പോർട്ട് വഴി പടിഞ്ഞാറൻ മേഖലയിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പാത).

3. റാസ് അൽ ഖൈർ - ഹാഇൽ - യാംബു:

(റാസ് അൽ ഖൈറിൽ നിന്ന് ഹാഇൽ സ്റ്റേഷൻ വഴി യാംബു തുറമുഖത്തേക്ക് ധാതുക്കൾ കടത്തുന്നതിനുള്ള മൾട്ടിമോഡൽ പാത).

4. റാസ് അൽ ഖൈർ - ഹാഇൽ - നിയോം:

(റാസ് അൽ ഖൈറിൽ നിന്ന് ഹാഇൽ സ്റ്റേഷൻ വഴി നിയോം തുറമുഖത്തേക്ക് ധാതുക്കൾ എത്തിക്കുന്നതിനുള്ള മൾട്ടിമോഡൽ പാത).

5. കിഴക്കൻ മേഖലയിലെ തുറമുഖങ്ങൾ - അൽ ഖർജ് - ചെങ്കടൽ:

(കിഴക്കൻ മേഖലയിലെ തുറമുഖങ്ങളെ അൽ ഖർജ് വഴി ചെങ്കടൽ തീരവുമായി ബന്ധിപ്പിക്കുന്ന പാത)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsLatest NewsSaudi Arabian NewsSaudi Railways
News Summary - Saudi to become global logistics hub; Saudi Railways has announced five new freight lines
Next Story