ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ താമസം; എട്ട് ഉംറ സേവന സ്ഥാപനങ്ങളുടെ സേവനം നിർത്തലാക്കി
text_fieldsജിദ്ദ: ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ തീർഥാടകരെ താമസിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഉംറ സേവനം നൽകുന്ന നാല് കമ്പനികളുടെയും നാല് വിദേശ ഏജന്റുകളുടെയും സേവനം ഹജ്ജ്, ഉംറ മന്ത്രാലയം നിർത്തലാക്കി.
ഈ നിയമലംഘനം നിരവധി ഉംറ തീർത്ഥാടകരെ ബാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാരായ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കും ഔദ്യോഗിക നടപടികൾ സ്വീകരിക്കുന്നതിനുമായി അവയെ ഉംറ തീർഥാടകരുടെ പരാതികൾ പരിശോധിക്കുന്ന സമിതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഉംറ കമ്പനികളുടെയും സേവന ദാതാക്കളുടെയും വിദേശ ഏജന്റുകളുടെയും ഭാഗത്തുനിന്നുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന തിനും കരാർ പ്രകാരമുള്ള സേവനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും, നിയമലംഘനങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ഫീൽഡ് തലത്തിലുള്ളതും ഡിജിറ്റലായുളളതുമായ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു.
ഉംറ തീർഥാടകരോടുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിലും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നതിലും സൗദി ഉംറ കമ്പനികളും വിദേശ ഏജന്റുകളും കർശന ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായുള്ള ‘ദൈവത്തിന്റെ അതിഥികൾക്കായുള്ള പ്രോഗ്രാമിന്റെ’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

