സൗദി സൂപ്പർ കപ്പ് ടൂർണമെൻറ് പിന്മാറ്റം; അൽ ഹിലാലിന് അഞ്ച് ലക്ഷം പിഴ
text_fieldsഅൽ ഹിലാൽ ക്ലബ്ബ് ടീം
ജിദ്ദ: ഈ വർഷത്തെ സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽനിന്ന് പിന്മാറിയ അൽ ഹിലാൽ ക്ലബിന് അഞ്ചു ലക്ഷം റിയാൽ പിഴ ചുമത്തി സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കുന്നതിൽനിന്ന് ക്ലബിന് വിലക്കുമുണ്ട്. 2025-26 സൂപ്പർ കപ്പിൽ പങ്കെടുക്കുന്നതിനായി അൽ ഹിലാൽ ക്ലബിന് അനുവദിച്ച സാമ്പത്തിക പ്രതിഫലങ്ങൾ തടഞ്ഞുവെച്ചതും ശിക്ഷയിൽ ഉൾപ്പെടുന്നു.
ആഗസ്റ്റ് 19 മുതൽ 23 വരെ ഹോങ്കോങ്ങിൽ നടക്കുന്ന സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽനിന്നാണ് മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചതിനു ശേഷം അൽ ഹിലാൽ പിന്മാറിയത്. ഇതിനെത്തുടർന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷെൻറ അച്ചടക്ക, എത്തിക്സ് കമ്മിറ്റിയാണ് ക്ലബിനെതിരെ നടപടിയെടുത്തത്. അൽ നസ്ർ, അൽ ഇത്തിഹാദ്, അൽ ഖാദിസിയ എന്നീ ടീമുകളോടൊപ്പമാണ് അൽഹിലാൽ ക്ലബും ഉൾപ്പെട്ടത്. എന്നാൽ ടൂർണമെൻറ് ആരംഭിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് അൽ ഹിലാൽ ടൂർണമെൻറിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്നതിനാലാണ് പിന്മാറ്റം എന്നായിരുന്നു ക്ലബ് വിശദീകരിച്ചത്.
ഈ പിന്മാറ്റം കായിക, നിയമ മേഖലകളിൽ വിവാദങ്ങൾക്ക് കാരണമായി. ശേഷം മത്സരത്തിൽ അൽ ഹിലാലിന് പകരം അൽ അഹ്ലി ക്ലബിനെ സൗദി ഫുട്ബാൾ ഫെഡറേഷൻ മത്സര കമ്മിറ്റി ഉൾപ്പെടുത്തി. സെമിഫൈനലിൽ അൽ അഹ്ലി ക്ലബ്, അൽ ഖാദിസിയക്കെതിരെ മത്സരിക്കും. രണ്ടാം സെമിയിൽ അൽ നസ്ർ ക്ലബും അൽ ഇത്തിഹാദ് ക്ലബും ഏറ്റുമുട്ടും. വിജയികൾ ഫൈനലിൽ സൂപ്പർ കപ്പ് കിരീടത്തിനായി മത്സരിക്കും. സൗദി സൂപ്പർ കപ്പ് മത്സര ഷെഡ്യൂൾ പുറത്തിറങ്ങിയതിനു പിന്നാലെ ടൂർണമെൻറിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് അച്ചടക്ക, എത്തിക്സ് കമ്മിറ്റി അൽ ഷബാബ് ക്ലബിന് 1,25,000 സൗദി റിയാൽ പിഴ ചുമത്തുകയും അടുത്ത വനിത സൗദി സൂപ്പർ കപ്പിൽനിന്ന് ക്ലബിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

