സുഡാനെ പിന്തുണക്കുന്നതിന് സൗദി ‘അഥർ’ വളന്റിയർ പ്രോഗ്രാം ആരംഭിച്ചു
text_fieldsസൗദി ‘അഥർ’ വളന്റിയർ പ്രോഗ്രാം ഡോ.അബ്ദുല്ല അൽറബീഅ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സുഡാനെ പിന്തുണക്കുന്നതിന് സൗദി അറേബ്യ ‘അഥർ’ വളന്റിയർ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം റിയാദിലെ കിങ് സൽമാൻ റിലീഫ് സെന്റർ ആസ്ഥാനത്ത് റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ തുടക്കത്തിൽ സുഡാനിലെ സൗദി വളണ്ടിയർ പ്രോഗ്രാമായ 'അഥറി'നെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സഹോദര രാജ്യമായ സുഡാന് സൗദി നിരന്തരം നൽകിവരുന്ന മാനുഷിക സഹായങ്ങളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും കാഴ്ചകൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു, പ്രത്യേകിച്ച് 2023ൽ പൊട്ടിപ്പുറപ്പെട്ട അവസാനത്തെ സുഡാൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നൽകിയ സേവനങ്ങൾ ഇതിൽ എടുത്തുപറഞ്ഞു.
കിങ് അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് രാജ്യം ഏകീകരിക്കപ്പെട്ടതു മുതൽ സൗദി അറേബ്യ സൗഹൃദ-സഹോദര രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിൽ നിരന്തരം മുന്നിലുണ്ടെന്ന് ഡോ. അബ്ദുല്ല അൽറബീഅ ‘അഥർ’ വളന്റിയർ പ്രോഗ്രാം ഉദ്ഘാടന വേളയിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ലോകത്തിലെ 175 രാജ്യങ്ങളിലേക്ക് 14,570 കോടിയിലധികം അമേരിക്കൻ ഡോളറിന്റെ (145.7 ബില്യൺ ഡോളർ) സഹായമാണ് സൗദി എത്തിച്ചുനൽകിയത്. സൗദിയുടെ മാനുഷിക സേവനങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2015ൽ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും മുൻകൈയിൽ കിങ് സൽമാൻ റിലീഫ് സെന്റർ സ്ഥാപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വർണം, വർഗം, വംശം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിവേചനവുമില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രം ഇന്ന് അന്താരാഷ്ട്ര തലത്തിലെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മാതൃകയായി മാറിയിരിക്കുന്നു. ഈ കേന്ദ്രം 113 രാജ്യങ്ങളിലായി 4,475-ഓളം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അൽറബീഅ പറഞ്ഞു.
വിദേശങ്ങളിലെ മാനുഷിക സന്നദ്ധപ്രവർത്തനങ്ങൾക്ക് കേന്ദ്രം ആതിഥേയത്വം വഹിക്കണമെന്ന നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. രാജ്യത്തെ യുവതീ-യുവാക്കൾക്ക് കാരുണ്യത്തിന്റെയും മഹത്തായ മാനുഷിക മുൻകൈകളുടെയും സജീവമായ മാതൃക സൃഷ്ടിക്കാൻ ഇതുവഴി സാധിക്കുന്നു. ഇതിന്റെ ഫലമായി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുടെ എണ്ണം 85,000 ആയി ഉയർന്നിട്ടുണ്ട്. 61 രാജ്യങ്ങളിലായി 1,471 സന്നദ്ധ കാമ്പയിനുകൾ നടപ്പിലാക്കുകയും ഇതുവഴി ഏകദേശം 30 ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സുഡാനും യമനും ഗസ്സയും സൗദി അറേബ്യയുടെ ശ്രദ്ധയിൽ നിന്നും ഒരിക്കലും വിട്ടുപോയിട്ടില്ല.
എല്ലാ മേഖലകളിലും പ്രത്യേകിച്ച് നിരന്തരമായ മാനുഷിക പ്രവർത്തനങ്ങളിൽ പിന്തുണ ലഭിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിലാണ് അവയെന്നും അൽറബീഅ പറഞ്ഞു. സുഡാനിലെ സഹോദരങ്ങൾക്കായി സുപ്രധാനമായ ഒരു മാനുഷിക പദ്ധതിയായ 'അഥർ' സന്നദ്ധ പരിപാടിക്ക് നാം ഇന്ന് തുടക്കം കുറിക്കുകയാണ്. മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുക, ആരോഗ്യമേഖലയിലും മറ്റ് മേഖലകളിലും പരിശീലനവും സാമ്പത്തിക സ്വാശ്രയത്വവും വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 200 സന്നദ്ധ പദ്ധതികളും, 58,000ത്തിലധികം ശസ്ത്രക്രിയകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഏകദേശം 600,000 ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അൽറബീഅ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

