മേഖല സുരക്ഷയും നയതന്ത്ര ബന്ധങ്ങളും ശക്തമാക്കി സൗദി; റിയാദിൽ ഉന്നതതല കൂടിക്കാഴ്ചകൾ
text_fieldsറിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സമാധാനശ്രമങ്ങളും അന്താരാഷ്ട്ര സഹകരണവും മുൻനിർത്തി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ റിയാദിൽ നിർണായക ചർച്ചകൾ നടത്തി. മേഖലയിലെ സുരക്ഷ വെല്ലുവിളികൾ നേരിടുന്നതിനും സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുമായി വിദേശ പ്രതിനിധികളുമായും അയൽരാജ്യങ്ങളിലെ മന്ത്രിമാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡൻറും യൂറോപ്യൻ യൂനിയെൻറ വിദേശകാര്യ-സുരക്ഷ നയങ്ങൾക്കായുള്ള ഉന്നത പ്രതിനിധിയുമായ കായ കലാസിനെ മന്ത്രി റിയാദിൽ സ്വീകരിച്ചു. സൗദി അറേബ്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ ആഗോളതലത്തിൽ ഉണ്ടാക്കുന്ന സുരക്ഷ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ചർച്ചയായി. ചർച്ചയിൽ മൾട്ടി ലാറ്ററൽ ഇൻറർനാഷനൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ റസി, യൂറോപ്യൻ യൂനിയനിലെ സൗദി മിഷൻ മേധാവി അംബാസഡർ ഹൈഫ അൽ ജദിയ എന്നിവരും പങ്കെടുത്തു.
മേഖലയിലെ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അമീർ ഫൈസൽ ബിൻ ഫർഹാൻ ടെലിഫോണിൽ സംസാരിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ അൽ സഫാദി, തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. പ്രാദേശിക സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രിമാർ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സ്പെയിനുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി സ്പാനിഷ് വിദേശകാര്യ മന്ത്രി ഹൊസെ മാനുവൽ അൽബാറെസിൽ നിന്നുള്ള സന്ദേശം സൗദി മന്ത്രാലയത്തിന് ലഭിച്ചു. റിയാദിലെ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ സ്പെയിൻ അംബാസഡർ ജാവിയർ മരിയയിൽ നിന്ന് അണ്ടർസെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ റസിയാണ് സന്ദേശം ഏറ്റുവാങ്ങിയത്. വിവിധ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

