വിദേശികൾക്കായി വാതിൽ തുറന്നു; സൗദി ഓഹരി വിപണിയിൽ വൻ കുതിപ്പ്
text_fieldsറിയാദ്: വിദേശ നിക്ഷേപകർക്കായി വിപണി പൂർണമായും തുറന്നുകൊടുക്കാനുള്ള ചരിത്രപരമായ തീരുമാനത്തിന് പിന്നാലെ സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ സൗദി പ്രമുഖ ഓഹരി സൂചികയായ ‘താസി’ 2.2 ശതമാനം നേട്ടം രേഖപ്പെടുത്തി. ഇതോടെ സൂചിക 10,500 പോയൻറിന് മുകളിൽ തിരിച്ചെത്തി.
വിപണിയിലെ എല്ലാ മേഖലകളിലും ഇന്ന് ഉണർവ് പ്രകടമാണ്. ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികളുടെയും ഓഹരി വില വർധിച്ചപ്പോൾ ‘തദാവുൽ’ (സൗദി ഓഹരി കമ്പോളം) ഓഹരികൾ അഞ്ച് ശതമാനത്തോളം ഉയർന്ന് മുന്നേറ്റത്തിന് നേതൃത്വം നൽകി. അൽ രാജ്ഹി ബാങ്ക്, അരാംകോ തുടങ്ങിയ പ്രമുഖ കമ്പനികളിൽനിന്നുള്ള മികച്ച പിന്തുണയാണ് വിപണിക്ക് കരുത്തേകിയത്. വ്യാപാരം തുടങ്ങി ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ ഇടപാടുകൾ ഒരു നൂറ് കോടി റിയാൽ കടന്നു എന്നത് നിക്ഷേപകരുടെ ആവേശം വ്യക്തമാക്കുന്നു.
ഫെബ്രുവരി ഒന്ന് മുതൽ എല്ലാ വിഭാഗം വിദേശ നിക്ഷേപകർക്കും നേരിട്ട് നിക്ഷേപം നടത്താൻ അനുമതി നൽകിക്കൊണ്ട് സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ചൊവ്വാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. പ്രവാസി അല്ലാത്ത വിദേശ നിക്ഷേപകർക്കും പ്രധാന വിപണിയിൽ നേരിട്ട് നിക്ഷേപം നടത്താൻ അനുവദിക്കുന്ന തരത്തിൽ റെഗുലേറ്ററി ചട്ടക്കൂടിൽ അതോറിറ്റി ഭേദഗതി വരുത്തി. ഇതോടെ ലോകമെമ്പാടുമുള്ള വിവിധ വിഭാഗം നിക്ഷേപകർക്ക് സൗദി വിപണിയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
നിക്ഷേപകരുടെ എണ്ണം വർധിപ്പിക്കാനും വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്താനുമാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സൗദി ഓഹരി വിപണിയെ കൂടുതൽ ആഗോളവത്കരിക്കുന്നതിനും വിദേശ മൂലധനം വൻതോതിൽ ആകർഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ഘട്ടംഘട്ടമായുള്ള പദ്ധതിയുടെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

