മിഡിലീസ്റ്റിൽ ആദ്യമായി ജൈവ സാമ്പിളുകൾ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ
text_fieldsറിയാദ്: മിഡിലീസ്റ്റിൽ ആദ്യമായി ജൈവ സാമ്പിളുകൾ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ. സൗദി സ്പേസ് ഏജൻസിയും കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സ് സി.ആർ.എസ്-35 ദൗത്യത്തിന്റെ ഭാഗമായി ജൈവ സാമ്പ്ളുകൾ ബഹിരാകാശത്തേക്ക് അയച്ചത്. നാസയുടെ പിന്തുണയോടെയാണ് ഇത് നടപ്പിലാക്കിയത്. അൽഷിമേഴ്സ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ ശ്രമങ്ങളെ പിന്തുണക്കുക ലക്ഷ്യമിട്ടുള്ള ദീർഘകാല ഗവേഷണ പരിപാടിയുടെ ഭാഗമാണിത്. തുടർച്ചയായ മൂന്ന് ദൗത്യങ്ങളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. മൈക്രോഗ്രാവിറ്റി (ചെറിയ ഗുരുത്വാകർഷണം) ഗവേഷണങ്ങളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ-ജീവജാല ഗവേഷണങ്ങളുടെ സേവനത്തിനായി ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു ശാസ്ത്രീയ നേട്ടമാണിത്.
ആരോഗ്യകരമായ ദാതാക്കളിൽ നിന്നുള്ള റഫറൻസ് മനുഷ്യ സാമ്പിളുകൾ ബഹിരാകാശത്തേക്ക് അയച്ചുകൊണ്ടുള്ള ഈ ദൗത്യം ഈ പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തെ അടയാളപ്പെടുത്തുന്നു. തുടർന്നുള്ള ഘട്ടങ്ങളിൽ താരതമ്യം ചെയ്യുന്നതിനായി ഒരു ശാസ്ത്രീയ അടിത്തറ സ്ഥാപിക്കുക, വാർധക്യവുമായി ബന്ധപ്പെട്ട കോശ മാറ്റങ്ങളും നാഡീസംബന്ധമായ തകർച്ചാ രോഗങ്ങളും പഠിക്കുന്നതിൽ മൈക്രോഗ്രാവിറ്റി (ചെറിയ ഗുരുത്വാകർഷണം) പരിസ്ഥിതിയുടെ പ്രത്യേക സവിശേഷതകൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
കൗസ്റ്റ് വികസിപ്പിച്ചെടുത്ത ജൈവ പരീക്ഷണങ്ങളിൽ എസ്.എസ്.എ-1, എസ്.എസ്.എ-2 എന്നീ പേരുകളുള്ള രണ്ട് പരീക്ഷണങ്ങൾ ഉൾപ്പെടുന്നു. അമേരിക്കൻ നാഷണൽ സ്റ്റെം സെൽ ഫൗണ്ടേഷന്റെനേതൃത്വത്തിലും നാസയുടെയും ആക്സിയം സ്പേസിന്റെയും പിന്തുണയോടെയുള്ള അന്താരാഷ്ട്ര ശാസ്ത്രീയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. സൗദി സ്പേസ് ഏജൻസിയും കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ആണ് ദേശീയ തലത്തിൽ ശാസ്ത്രീയ പങ്കാളിത്തം വഹിക്കുന്നത്.
ഈ സാമ്പിളുകളുടെ വിക്ഷേപണം മനുഷ്യന്റെ ആരോഗ്യത്തിനായി ബഹിരാകാശ പരിസ്ഥിതി പ്രയോജനപ്പെടുത്തുന്നതിനുള്ള പാതയിലെ ഒരു പ്രധാന ശാസ്ത്രീയ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നുവെന്ന് സൗദി ബഹിരാകാശ ഏജൻസിയിലെ മൈക്രോഗ്രാവിറ്റി ഗവേഷണ ജനറൽ സൂപ്പർവൈസറും സൗദി ബഹിരാകാശ സഞ്ചാരിയുമായ റയാന ബർനാവി പറഞ്ഞു.ഇത് ദേശീയ ശേഷികളുടെ വളർച്ചയെയും നൂതന ഗവേഷണങ്ങളിൽ പങ്കെടുക്കാനുള്ള സന്നദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. ബയോ ഗ്രാവിറ്റി പ്രോഗ്രാമിലൂടെ ഭ്രമണപഥത്തിൽ ആർജ്ജിച്ച അറിവുകളെ ഗവേഷണ അവസരങ്ങളാക്കി മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു ഇത് രോഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയ്ക്കും ഭാവിയിലെ ചികിത്സാ പരിഹാരങ്ങളുടെ വികസനത്തിനും കാരണമാകുമെന്നും റയാന ബർനാവി പറഞ്ഞു.
ഭൂമിയിൽ അനുകരിക്കാൻ കഴിയാത്ത ഒരു ചുറ്റുപാടിൽ രോഗ മാതൃകകൾ പരിശോധിക്കാൻ ഈ ദൗത്യം ഗവേഷകർക്ക് അവസരമൊരുക്കുന്നുവെന്നഎ കൗസ്റ്റിലെ ബയോസയൻസസ് പ്രഫസറും പ്രോജക്റ്റിന്റെ മുഖ്യ ശാസ്ത്രജ്ഞനുമായ പ്രഫ. ഇമാദ് ഗ്ലൂസി പറഞ്ഞു.
രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള രോഗികൾക്ക് പ്രയോജനപ്പെടുന്ന കണ്ടെത്തലുകളിൽ സർവകലാശാലയുടെ സംഭാവനയെ ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

