ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്ഥാപിക്കണമെന്ന് സൗദി ശൂറ കൗൺസിൽ
text_fieldsസൗദി ശൂറ കൗൺസിൽ യോഗം
റിയാദ്: സൗദി അറേബ്യയിൽ ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിനായി കൺസ്യൂമർ പ്രൊട്ടക്ഷൻ ജനറൽ അതോറിറ്റി സ്ഥാപിക്കണമെന്ന് പാർലമെന്റായ ശൂറ കൗൺസിൽ ആവശ്യപ്പെട്ടു. വാണിജ്യ പ്രവർത്തനങ്ങളുടെ വർധനയും അവയുടെ വൈവിധ്യവും സമൂഹത്തിന്റെ ആവശ്യവും കണക്കിലെടുത്ത് ഇത്തരത്തിലൊരു പൊതു അതോറിറ്റി ആവശ്യമാണെന്ന് കൗൺസിലിന്റെ 21ാം പതിവ് സെഷൻ യോഗം ചൂണ്ടിക്കാട്ടി.
വാണിജ്യരംഗത്തെ എല്ലാ മേഖലകളിലും ഡിജിറ്റൽ പേമെൻറ് സമ്പ്രദായം ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വിപണിയെ ആകർഷിക്കുന്നതിനും വിനോദസഞ്ചാരത്തെ ആകർഷിക്കുന്നതിനും പിന്തുണക്കുന്നതിനുമായി സൗദി പ്രവർത്തിക്കുന്നതിനാൽ പണമടക്കാനുള്ള എല്ലാ മാർഗങ്ങളും ലഭ്യമാവും സാധ്യമാകുന്നതും ആവശ്യമാണെന്നും കൗൺസിൽ അംഗങ്ങൾ സൂചിപ്പിച്ചു.
ഹിജ്റ 1445/1446 സാമ്പത്തിക വർഷത്തേക്കുള്ള വാണിജ്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് ചെയർമാൻ ഡോ. അബ്ദുല്ല ആലുശൈഖിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്തു. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കൗൺസിൽ അംഗങ്ങൾ പ്രകടിപ്പിച്ചു. വിവിധ മേഖലകളിലെ വ്യാപാരത്തിന്റെ അളവ്, ഓരോന്നിലെയും വളർച്ചനിരക്ക്, വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എണ്ണയിതര മേഖലകളുടെയും ലക്ഷ്യംവെച്ച മേഖലകളുടെയും സംഭാവനയുടെ ശതമാനം എന്നിങ്ങനെ രാജ്യത്തെ വാണിജ്യ സാഹചര്യത്തിന്റെ അളവുകൾ നേരിട്ട് അളക്കുന്നതിനുള്ള സൂചകങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രധാന്യം അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഭക്ഷ്യോൽപന്നങ്ങളുടെ കാലാവധി കഴിയുന്ന തീയതികൾ അറിയുക എന്നത് ഉപഭോക്താക്കളുടെ അവകാശമാണ്. അത് സംരക്ഷിക്കപ്പെടുന്നതിനൊപ്പം അതിനെക്കുറിച്ചുള്ള അവബോധം അവരിലുണ്ടാക്കാൻ ബോധവത്കരണ പരിപാടികൾ വാണിജ്യ മന്ത്രാലയവും അനുബന്ധ വകുപ്പുകളും നടത്തണമെന്നും അംഗങ്ങൾ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

