ശുദ്ധ ഊർജ മേഖല; സൗദി-ചൈനീസ് കരാറിന് ശൂറ കൗൺസിൽ അംഗീകാരം
text_fieldsറിയാദ്: ശുദ്ധ ഹൈഡ്രജൻ ഊർജ മേഖലയിൽ സൗദി ഊർജ മന്ത്രാലയവും ചൈനയിലെ നാഷനൽ എനർജി അഡ്മിനിസ്ട്രേഷനും തമ്മിലുള്ള കരട് ധാരണപത്രത്തിന് തിങ്കളാഴ്ച സൗദി ശൂറ കൗൺസിൽ അംഗീകാരം നൽകി. കൗൺസിലിന്റെ എനർജി ആൻഡ് ഇൻഡസ്ട്രി കമ്മിറ്റി ഇതുസംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു അംഗീകാരം.
കഴിഞ്ഞ ഡിസംബറിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിന്റെ സൗദി സന്ദർശനവേളയിൽ ഒപ്പുവെച്ച കരാറിന്റെ തുടർച്ചയാണ് പുതിയ ധാരണപത്രം. 2060ഓടെ രാജ്യത്ത് കാർബൺ രഹിത ശുദ്ധ അന്തരീക്ഷം എന്നതാണ് സൗദിയുടെ മുദ്രാവാക്യം. നിയമമേഖലയിൽ സൗദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും സ്റ്റേറ്റ് കൗൺസിൽ ഓഫ് ഈജിപ്തും തമ്മിലുള്ള മറ്റൊരു കരട് ധാരണപത്രവും ശൂറ കൗൺസിൽ അംഗീകരിച്ചു.
സാംസ്കാരിക മേഖലയിലെ സഹകരണത്തിനായി സൗദി സാംസ്കാരിക മന്ത്രാലയവും മൊറോക്കോയുടെ യുവജന, സാംസ്കാരിക, ആശയവിനിമയ മന്ത്രാലയവും തമ്മിലുള്ള ധാരണപത്രത്തിന്റെ കരടും വൈസ് പ്രസിഡൻറ് ഡോ. മിശ്അൽ അൽ-സലാമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

