സന്നദ്ധപ്രവർത്തകരായി സൗദി സ്കൗട്ട്
text_fieldsസൗദി സ്കൗട്ട് അസോസിയേഷൻ പ്രവർത്തകർ അറഫയിലെ ക്യാമ്പിൽ
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് പുണ്യനഗരികളിൽ സേവനനിരതരായി സൗദി സ്കൗട്ട് അസോസിയേഷൻ സന്നദ്ധ പ്രവർത്തകർ. അറബ് ലോകത്തെ ഏറ്റവും വലുതും മഹത്തായതും മനോഹരവുമായ സ്കൗട്ട് ക്യാമ്പുകളിൽ ഒന്നായി അറഫയിലെ ക്യാമ്പ് ഇതിനകം ആഗോള ശ്രദ്ധപിടിച്ചുപറ്റി. ഹജ്ജ് പുണ്യഭൂമികളിൽ തീർഥാടകർക്കാവശ്യമായ സേവനം നൽകാൻ വളന്റിയർമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് അറഫയിൽ പ്രത്യേക ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
കാണാതായ ഹാജിമാരെ കണ്ടെത്തി അവരുടെ ബന്ധുക്കളുടെ സമീപത്തെത്തിക്കുന്നതിലും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിലും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തിക്കൊടുക്കുന്നതിലുമെല്ലാം സ്കൗട്ട് വിഭാഗത്തിന്റെ സേവനം ശ്രദ്ധേയമാണ്. സൗദി അറേബ്യൻ സ്കൗട്ട് അസോസിയേഷന്റെ പ്രധാന ക്യാമ്പ് അറഫ ഏരിയയിൽ പ്രവർത്തിക്കുന്നുണ്ട്. ഹിജ്റ 1435ൽ 9536 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിച്ച അറഫാത്ത് ക്യാമ്പ് കൂടുതൽ വളന്റിയർമാരെ ഉൾക്കൊള്ളിച്ച് മാനവശേഷി വിപുലപ്പെടുത്തിയിട്ടുണ്ട്.
1200ലധികം കിടക്കകളുള്ള ഹാൾ, കമാൻഡ് ഓഫിസുകൾ, ശീതീകരിച്ച വിവിധോദ്ദേശ്യ ഹാളുകൾ, 250 പേർക്ക് ഒരേസമയത്ത് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള കാൻറീൻ, എല്ലാ സൗകര്യങ്ങളുമുള്ള പാചകശാല, മറ്റു വിവിധ സൗകര്യങ്ങൾ, അസീസിയയിലെ പ്രധാന കേന്ദ്രവുമായും മറ്റും ബന്ധിപ്പിച്ചുള്ള കൺട്രോൾ റൂമുകൾ എന്നിവയെല്ലാം അറഫയിലെ സ്കൗട്ട് ക്യാമ്പിൽ സംവിധാനിച്ചിട്ടുണ്ട്. സേവനരംഗത്ത് ആവശ്യമായ നൂതന സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടുള്ള ക്യാമ്പ് ഹിജ്റ 1382 മുതൽ അറഫയിൽ ആരംഭിച്ചുവെങ്കിലും ആധുനികവത്കരിച്ച് വിപുലപ്പെടുത്തിയത് ഈ വർഷമാണ്. എല്ലാ വർഷവും ദുൽഖഅദ് മാസാവസാനം മുതൽ സ്കൗട്ട് സന്നദ്ധ പ്രവർത്തകർ ഹജ്ജ് കർമങ്ങൾ നടക്കുന്ന മേഖലകളിൽ പ്രവർത്തനങ്ങളുമായി രംഗത്തുണ്ടാവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

