ജിദ്ദ അൽമവാരിദിൽ വീണ്ടും നൂറുമേനി
text_fieldsജിദ്ദ: സി.ബി.എസ്.ഇ 12ാംതരം പരീക്ഷയിൽ ജിദ്ദയിലെ അൽമവാരിദ് ഇൻറർനാഷനൽ സ്കൂളിന് ഈ വർഷവും നൂറുമേനി. തുടർച്ചയായ 11 വർഷമായി സ്കൂൾ 100 ശതമാനം വിജയം നിലനിർത്തി പോരുന്നു. ഈ വർഷം പരീക്ഷയെഴുതിയ 56 വിദ്യാർഥികളും ഉയർന്ന മാർക്കോടെയാണ് പാസായത്. സയൻസ് സ്ട്രീമിലെ ശഹീന ബാനു 95 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
93.5 ശതമാനം മാർക്ക് നേടി സുൻധുസ് മസൂദ് രണ്ടാം സ്ഥാനവും 92.5 ശതമാനം മാർക്ക് നേടി അബ്ദുൽ അർഷഹ് നീലങ്ങാടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോമേഴ്സ് സ്ട്രീമിൽ സയ്യിദ് അബ്റാർ അഹമ്മദ് ഒന്നാംസ്ഥാനവും നയ്മ മൻസൂർ, തലാൽ മുഹമ്മദ് അബൂബക്കർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിദ്യാർഥികളുടെ കഠിന പ്രയത്നവും മികച്ച അധ്യാപകരുടെ അർപ്പണബോധത്തോടെയുള്ള പരിശ്രമവുമാണ് ഈ വിജയത്തിന് നിദാനമെന്ന് സ്കൂൾ പ്രിൻസിപ്പൽ കെ.എ. അബ്ദുൽ സമദ് അഭിപ്രായപ്പെട്ടു. സ്കൂൾ സ്പോൺസർ സാഅദ് സഅദ് അൽ ഹാരിസി, മാനേജർ കെ.ടി. മുഹമ്മദ് എന്നിവർ അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിച്ചു.
