ഗാന്ധിജി വിഭാവനം ചെയ്ത നേതൃഗുണം സഹിഷ്ണുത -ശോഭന രാധാകൃഷ്ണ
text_fieldsറിയാദ്: എല്ലാ മതസമൂഹങ്ങൾക്കും നേതാക്കൾക്കും സഹിഷ്ണുത ഉണ്ടാവണമെന്ന് മഹാത്മ ഗാന്ധി നിഷ്കർഷിച്ചിരുന്നതായി ന്യൂഡൽഹിയിലെ ഗാന്ധിയൻ ഫോറം ഫോർ എത്തിക്കൽ കോർപ്പറേറ്റ് ഗവേണൻസ് മേധാവി ശോഭന രാധാകൃഷ്ണ. മഹാത്മഗാന്ധിയുടെ 150ാം ജന്മദിന വാർഷികം പ്രമാണിച്ച് ഇന്ത്യൻ എംബസിയും റിയാദ് കിങ് ഫൈസൽ സെൻറർ ഫോർ റിസർച്ച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. റിയാദ് കിങ് ഫൈസൽ ഫൗണ്ടേഷൻ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കിങ് ഫൈസൽ സെൻററിലെ റിസർച്ച് സ്കോളർ യഹ്യ അൽസഹ്റാനി അധ്യക്ഷത വഹിച്ചു.
‘സമകാലിക ലോകത്ത് മഹാത്മാഗാന്ധിയുടെ നേതൃപാടവത്തിെൻറ പ്രസക്തി’ എന്ന വിഷയത്തിൽ ശോഭന രാധാകൃഷ്ണ പ്രബന്ധം അവതരിപ്പിച്ചു. 20ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ രാഷ്ട്രീയ നേതാവായിരുന്നു ഗാന്ധിജിയെന്ന് അവർ പറഞ്ഞു. ലോകനേതാക്കൾ അദ്ദേഹത്തെ മാതൃകാപുരുഷനായി കണ്ടു. അദ്ദേഹത്തിെൻറ ആശയങ്ങളിൽ അവരെല്ലാം ആകൃഷ്ടരായിരുന്നു. ഗാന്ധിജി ചിന്തിക്കുന്നത് എന്തോ അതാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഒബാമയെ പോലുള്ള പുതിയ നേതാക്കളും ഗാന്ധിജിയെയാണ് മാതൃകയാക്കുന്നത്. പ്രശ്നങ്ങളുണ്ടാവുേമ്പാൾ അത് സംബന്ധിച്ച് ആഴത്തിൽ പഠിച്ച് വേണം പരിഹാരം കാണാനെന്ന് ഗാന്ധിജി നിഷ്കർച്ചിരുന്നു. അതായിരുന്നു അദ്ദേഹത്തിെൻറ മാതൃക. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഗാന്ധിജി ശക്തിയുക്തം പറഞ്ഞിരുന്നു.
മതസമൂഹങ്ങൾക്കിടയിൽ സഹിഷ്ണുത ഉണ്ടാവേണ്ടത് ലോകസമാധാനത്തിന് ആവശ്യമാണ്. ഖുർആനും ബൈബിളും ഗീതയും ഒരേ ആശയസംഹിതയാണ് മുന്നോട്ടുവെക്കുന്നത്. ഇൗ വേദഗ്രന്ഥങ്ങളെല്ലാം ലോകസമാധാനത്തിന് വലിയ മുതൽക്കൂട്ടാണ്. മുസ്ലീങ്ങളുമായി ഹൃദയബന്ധമാണ് ഗാന്ധിജി സൂക്ഷിച്ചിരുന്നത്. സബർമതി ആശ്രമത്തിൽ ഇപ്പോഴും ഒാരോ ദിനവും പുലരുന്നത് മറ്റ് വേദഗ്രന്ഥങ്ങൾക്കൊപ്പം ഖുർആനും പാരായണം ചെയ്തുകൊണ്ടാണ്. ഗാന്ധിജി ഏറ്റവും ദുഃഖഭരിതനായത് ഇന്ത്യാവിഭജനത്തിലാണ്. ഹൃദയം പിളർത്തുന്നതായിരുന്നു അദ്ദേഹത്തിന് ആ വെട്ടിമുറിക്കൽ എന്നും ശോഭന രാധാകൃഷ്ണ കൂട്ടിച്ചേർത്തു. പ്രഭാഷണത്തിന് ശേഷം സദസ്യരുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചു. സൗദി പൗരപ്രമുഖരും വിദ്യാഭ്യാസ വിചക്ഷണരും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും അംബാസഡർ അഹമ്മദ് ജാവേദിെൻറ നേതൃത്വത്തിൽ ഇന്ത്യൻ മിഷൻ ഉന്നതോദ്യോഗസ്ഥരും പ്രവാസി ഇന്ത്യൻ പ്രതിനിധികളും പരിപാടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
