ഹറമൈൻ ടിക്കറ്റ് നിരക്കിന് അംഗീകാരം; മക്ക-മദീന 150 റിയാൽ മുതൽ
text_fieldsജിദ്ദ: മക്ക-മദീന അൽഹറമൈൻ ട്രെയിൻ ടിക്കറ്റ് നിരക്കുകൾക്ക് സൗദി റെയിൽവേയുടെ അംഗീകാരം. 150 റിയാൽ ആണ് മക്കയിൽ നിന്ന് മദീനയിലേക്ക് ഇകണോമി ക്ലാസ് നിരക്ക്. ആദ്യ രണ്ടുമാസത്തേക്ക് നിരക്കുകളിൽ 50 ശതമാനം ഇളവു നൽകുമെന്നും പൊതുഗതാഗത ജനറൽ അതോറിറ്റി മേധാവിയും സൗദി റെയിൽവേ ജനറൽ മാനേജർ ഇൻചാർജ്ജുമായ ഡോ. റുമൈഹ് അൽറുമൈഹ് വ്യക്തമാക്കി. പദ്ധതി പ്രവർത്തിപ്പിക്കുന്ന സ്പാനിഷ് കമ്പനിയുമായി ധാരണയുണ്ടാക്കിയ ശേഷം ഗതാഗതമന്ത്രി ഡോ. നബീൽ അൽആമൂദിയുടെ മേൽനോട്ടത്തിലുള്ള സൗദി റെയിൽവേ ഭരണ സമിതിയാണ് ടിക്കറ്റ് നിരക്കിന് അനുമതി നൽകിയത്. ഇക്കണോമി, ബിസിനസ് എന്നിങ്ങനെ രണ്ടുക്ലാസുകളാണ് െട്രയിനിലുണ്ടാകുക. ജിദ്ദ സുലൈമാനിയ സ്റ്റേഷനിൽ നിന്ന് മക്കയിലേക്ക് ഇകണോമി ക്ലാസ് നിരക്ക് 40 റിയാൽ ആണ്. ബിസിനസ് ക്ലാസിൽ 50 റിയാൽ.
മക്കക്കും മദീനക്കുമിടയിൽ ഇകണോമി ക്ലാസ് നിരക്ക് 150 റിയാൽ മുതലാണ്. 250 റിയാണ് ബിസിസസ് ക്ലാസിന്. ട്രെയിൽ സർവീസ് ഒൗദ്യോഗിക സർവീസ് ആരംഭിച്ചതു മുതൽ രണ്ട് മാസത്തേക്ക് ഇകണോമി, ബിസിനസ്സ് ക്ലാസുകൾക്ക് പകുതി നിരക്ക് നൽകിയാൽ മതി. പദ്ധതിയുടെ ആദ്യഘട്ടമായ അടുത്ത മാസം ആദ്യം മുതൽ ഡിസംബർ അവസാനം വരെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. മക്ക, മദീന, ജിദ്ദ, റാബിഗ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. എന്നാൽ ജിദ്ദ വിമാനത്താവളം സ്റ്റേഷനിൽ നിന്നുള്ള സർവീസ് റെയിൽവേ സ്റ്റേഷനും വിമാനത്താവള നിർമാണ ജോലികളും പൂർത്തിയായ ശേഷമായിരിക്കും.
ഇതു പിന്നീട് അറിയിക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു. പ്രത്യേക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒക്ടോബറിൽ തന്നെ സൗകര്യമുണ്ടാകുമെന്ന് അൽഹറമൈൻ പദ്ധതി ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ് അൽഫിദാ പറഞ്ഞു. സ്മാർട്ട് സംവിധാനത്തിൽ ടിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ആപ് ഒരുക്കും. സ്റ്റേഷനുകളിൽ കടകൾക്കായി നീക്കിവെച്ച സ്ഥലങ്ങൾ വാടകക്ക് നൽകാൻ ആരംഭിച്ചിട്ടുണ്ട്. സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ റസ്റ്റോറൻറുകളും വിവിധ ഇനം കടകളുമുണ്ടാകും. 7,66,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ജിദ്ദ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ട്രെയിനുകൾക്ക് ഏഴ് പാതകളുണ്ട്. 25,000 യാത്രക്കാരെ ഒരു മണിക്കൂറിൽ ഉൾക്കൊള്ളാനാകും. മക്ക സ്റ്റേഷൻ ഹറമിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ്.
5,03,000 ചതുരശ്ര മീറ്ററിൽ റുസൈഫയിലാണിത്. 10 പാതകളുണ്ട്. മണിക്കൂറിൽ 20000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മദീന സ്റ്റേഷൻ മസ്ജിദുന്നബവിയിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയാണ്. ആറ് പാതകളുള്ള സ്റ്റേഷനിൽ മണിക്കൂറിൽ 4000 യാത്രക്കാരെ ഉൾക്കൊള്ളാനാകും. കിങ് അബ്ദുല്ല ഇകണോമിക് സിറ്റി സ്റ്റേഷൻ പുതിയ മദീന റോഡിന് അടുത്താണ്. ആറ് പാതകളുള്ള സ്റ്റേഷനിൽ 8000 യാത്രക്കാരെ മണിക്കൂറിൽ ഉൾക്കൊള്ളാനാകും. നിർദിഷ്ട ജിദ്ദ വിമാനത്താവള സ്റ്റേഷൻ ഒമ്പത് പാതകളോട് കൂടിയാണ്. വിമാനത്തിലെത്തുന്നവർക്ക് മക്ക, മദീന എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഇൗ സ്റ്റേഷൻ ഏറെ ഉപകാരപ്പെടും. ഒരോ സ്റ്റേഷനിലും യാത്രാഹാളുകൾക്ക് പുറമെ ബസ്, ടാക്സി സ്റ്റാൻഡുകൾ, ഹെലിപാഡ്, പാർക്കിങ് സ്ഥലങ്ങൾ, സിവിൽ ഡിഫൻസ് കേന്ദ്രം, ആരാധനാലയം, കച്ചവട സ്ഥാപനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
