ട്രാഫിക് പിഴ വഴിതെറ്റി വന്നാൽ ഒഴിവാക്കാൻ വഴിയുണ്ട്
text_fieldsറിയാദ്: ട്രാഫിക് പിഴകൾ വഴിതെറ്റി വന്നാൽ വിഷമിക്കേണ്ടതില്ല, ഒഴിവാക്കാൻ നിയമാനുസൃത വഴികളുണ്ട്. ചെയ്യാത്ത തെറ്റിനാണ് പിഴയെന്ന് അധികൃതരെ ബോധ്യപ്പെടുത്തി അതിൽ നിന്ന് രക്ഷപ്പെട്ട മലയാളിയുടെ അനുഭവ പാഠത്തിൽ നിന്ന് ആ മാർഗങ്ങളെ കുറിച്ചറിയാം. മാധ്യമ പ്രവർത്തകൻ കൂടിയായ റിയാദ് ഹാരയിലെ സഫാമക്ക പോളിക്ലിനിക്ക് മാനേജർ നൗഫൽ പാലക്കാടനാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന കുറ്റം ആരോപിച്ച് 150 റിയാൽ പിഴ ചുമത്തി. ആഗസ്റ്റ് രണ്ടിന് രാവിലെ 9.34ന് ദറഇയ ഭാഗത്ത് ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്നാണ് ട്രാഫിക് പൊലീസിൽ (മുറൂർ) നിന്ന് എസ്.എം.എസ് കിട്ടിയത്. ഡ്രൈവ് ചെയ്തു എന്നാരോപിക്കുന്ന സമയത്ത് ഒാഫീസിൽ ഒരു മീറ്റിങ്ങിലായിരുന്നു. സംഭവസ്ഥലം ഏറെ അകലെയുമായിരുന്നു.
വഴി തെറ്റി വന്ന പിഴയാണെന്ന് അതോടെ നസിലായി. 993 എന്ന ട്രാഫിക് പൊലീസ് നമ്പറിലേക്ക് വിളിച്ചു വിവരം പറഞ്ഞേപ്പാൾ ദമ്മാം റോഡിലെ റിമാൽ എന്ന സ്ഥലത്തുള്ള ട്രാഫിക് പൊലീസ് ഒാഫീസിൽ എത്താൻ നിർദേശം കിട്ടി. അവിടെ ചെന്നപ്പോൾ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകാൻ നിർദേശിക്കപ്പെട്ടു. ഫോറം പൂരിപ്പിച്ച് നൽകിയപ്പോൾ ട്രാഫിക് കുറ്റങ്ങളുടെ വീഡിയോയും ഫോേട്ടായും ശേഖരിക്കുന്ന വിഭാഗത്തിലേക്ക് അയച്ചു. ദൃശ്യങ്ങളൊന്നും കാണ്ടെത്താൻ കഴിഞ്ഞില്ല. ‘ദൃശ്യങ്ങൾ ലഭ്യമല്ല’ എന്ന് അപേക്ഷയിൽ രേഖപ്പെടുത്തി ആദ്യ സെക്ഷനിലേക്ക് തിരിച്ചയച്ചു. ദൃശ്യങ്ങൾ ലഭിക്കുമോ എന്ന വിശദ പരിശോധനക്കുള്ള സാവകാശത്തിന് വേണ്ടി 20 ദിവസം കഴിഞ്ഞ് വരാൻ നിദേശം കിട്ടി. ഇതിനിടയിൽ നിശ്ചിത സമയത്തിനുള്ളിൽ പണമടയ്ക്കാത്തതിനാൽ പിഴ ഇരട്ടിയായി മാറിക്കഴിഞ്ഞിരുന്നു.
അത് കാര്യമാക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമാധാനിപ്പിച്ചു. 20 ദിവസത്തിന് ശേഷം ചെന്നപ്പോൾ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കുന്നതായ ഒന്നും ലഭ്യമല്ലെന്ന് തീർപ്പുകൽപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട്, കേസെടുത്ത ദറഇയ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് കത്തയച്ചു. തൃപ്തികരമായ മറുപടി കിട്ടിയില്ലെങ്കിൽ പിഴ താനെ ഒഴിവാകും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് നൗഫൽ മടങ്ങി. നാല് ദിവസം കഴിഞ്ഞപ്പോൾ ഒാൺലൈനിൽ നിന്ന് പിഴ താനെ അപ്രത്യക്ഷമായി. ചെയ്യാത്ത കുറ്റത്തിന് ഗതാഗത പിഴകളുണ്ടായാൽ പരിഹാരത്തിനുള്ള മാർഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
