നിയമങ്ങൾ പരിഷ്കരിച്ചത് സൗദി വാണിജ്യ രംഗത്ത് കുതിപ്പുണ്ടാക്കി ^നിയമ മന്ത്രാലയം
text_fieldsറിയാദ്: നിയമങ്ങളിലേയും ചട്ടങ്ങളിലേയും സമൂലമാറ്റം സൗദി വാണിജ്യമേഖലക്ക് ഗുണകരമായെന്ന് നിയമ മന്ത്രാലയം. വ്യവസായങ്ങൾ തുടങ്ങുന്നതിനും വിദേശ നിക്ഷേപം നടത്തുന്നതിനും ലൈസൻസ് ചട്ടങ്ങൾ ലഘൂകരിച്ചത് ഇൗ രംഗത്ത് വൻ കുതിപ്പിനാണ് വഴി തെളിച്ചത്. പരിഷ്കരണത്തിലൂടെ നിക്ഷേപകർക്ക് കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം സംജാതമാക്കി. ഇതേതുടർന്ന് വിദേശ നിക്ഷേപം 130 ശതമാനം വർധിച്ചതായി സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ (സാഗിയ) 2018 ലെ ആദ്യ പാദ റിപ്പോർട്ട് വ്യക്തമാക്കുന്നു. 157 ലൈസൻസുകൾ അനുവദിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നൽകിയത് വെറും 68 ലൈസൻസുകൾ മാത്രമായിരുന്നു. 2017 ൽ ആകെ ഇഷ്യൂ ചെയ്ത 377 ലൈസൻസിലൂടെ 5.7 ശതകോടി റിയാലിെൻറ വിദേശ നിക്ഷേപമാണ് രാജ്യത്ത് എത്തിയത്. അതേസമയം ഇൗ വർഷം ആദ്യ മൂന്നുമാസത്തിനുള്ളിൽ തന്നെ ഇരട്ടിയിലധികം നിക്ഷേപകർ രാജ്യത്ത് എത്തി. വിദേശ നിക്ഷേപ ചട്ടങ്ങൾ ഉദാരമാക്കിയതും നടപടിക്രമങ്ങൾ ലളിതമാക്കിയതുമാണ് കുതിപ്പിന് കാരണമെന്ന് നിയമ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എൻജിനീയറിങ്, വിദ്യാഭ്യാസം, റിക്രൂട്ട്മെൻറ് മേഖലകളിൽ വിദേശ സംരംഭകർക്ക് നൂറുശതമാനം ഉടമസ്ഥാവകാശം അനുവദിക്കും വിധമാണ് ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. അപേക്ഷകളിൽ തീരുമാനമെടുക്കാനും ലൈസൻസ് അനുവദിക്കാനുമുള്ള കാലദൈർഘ്യത്തിൽ കുറവുവരുത്തി. നടപടിക്രമങ്ങളുടെ വേഗം കൂട്ടി. വ്യവസായ, വാണിജ്യ രംഗത്തെ തർക്കപരിഹാരത്തിന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ വാണിജ്യ കോടതികൾ ആരംഭിച്ചത് വിപ്ലവകരമായ മാറ്റത്തിന് നാന്ദി കുറിച്ചു. ഇതിന് പുറമെ മറ്റ് പട്ടണങ്ങളിൽ നിലവിലുള്ള കോടതികളിൽ വാണിജ്യാവശ്യങ്ങൾക്ക് പ്രത്യേകം ചേമ്പറുകൾ ഏർപ്പെടുത്തി. പുറമെ അപ്പീൽ ചേമ്പറുകളും അനുവദിച്ചു. വാണിജ്യ കോടതികളോട് ചേർന്ന് 2019 ൽ തൊഴിൽ കോടതികൾ തുടങ്ങും. സുപ്രീം ജുഡീഷ്യൽ കൗൺസിൽ റിയാദ്, മക്ക, മദീന, ബുറൈദ, ദമ്മാം, അബ്ഹ, ജിദ്ദ എന്നിവിടങ്ങളിലും മറ്റ് 96 പട്ടണങ്ങളിലും തൊഴിൽ കോടതികൾ തുടങ്ങുന്നതിന് അന്തിമാനുമതി നൽകി. രാജ്യത്തെ 13 ദശലക്ഷത്തോളം വരുന്ന തൊഴിലാളികൾക്കിടയിലുണ്ടാകുന്ന തൊഴിൽ തർക്കങ്ങൾക്ക് ഉടനടി നീതിന്യായ വഴിയിൽ പരിഹാരം കാണാൻ ഇൗ കോടതി സംവിധാനത്തിലൂടെ സാധിക്കുമെന്നും നിയമന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
