കഥാപ്രസംഗത്തെ പ്രവാസലോകത്ത് ജനകീയമാക്കി മനോജ് കാലടി
text_fieldsജുബൈൽ: കർട്ടൺ ജോലികളുടെ തിരക്കിനടയിലും കഥാപ്രസംഗമെന്ന കലയെ പ്രവാസലോകത്ത് ജനകീയമാക്കി കാഥികൻ മനോജ് കാലടി ശ്രദ്ധേയനാകുന്നു. ജുബൈൽ ജിദ്ദ സ്ട്രീറ്റിൽ ഗോൾഡൻ അൽ- നസീം കർട്ടൺസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ മലപ്പുറം എടപ്പാൾ സ്വദേശി മനോജ് കഥാപ്രസംഗത്തിൽ പുത്തൻ ആവിഷ്കാരവുമായി വേദികൾ കീഴടക്കുകയാണ്. നാളിതുവരെ കഥപറച്ചിലും, ഗാനാലാപനവുമായിരുന്നു കഥാപ്രസംഗമെങ്കിൽ അഭിനയം കൂടി കാഴ്ചവെച്ചാണ് മനോജ് കൈയടി നേടുന്നത്.
അഞ്ചാം ക്ലാസിൽ ചങ്ങാലി പ്രാവിെൻറ കഥപറഞ്ഞു തുടങ്ങി മാ നിഷാദയിൽ എത്തി നിൽക്കുന്ന കഥാപ്രസംഗ സപര്യക്ക് പല സ്ഥലങ്ങളിൽ നിന്നും അംഗീകാരവും ആദരവും ലഭിച്ചു കഴിഞ്ഞു.
ഹൈസ്‌കൂൾ തലത്തിൽ സോളമൻ രാജാവിെൻറ യുക്തിയെ വാഴ്ത്തുന്ന ‘നീതിക്കു വേണ്ടിയെന്ന’ കഥാപ്രസംഗത്തിന് അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ലഭിച്ച അനുമോദനങ്ങളാണ് കഥാപ്രസംഗം എന്ന കലയെ നെഞ്ചേറ്റാൻ കാരണമായത്.
പുത്തൻ വീട്ടിൽ ഗോപാലൻ കുട്ടി നായരുടെയും, കെ.എൻ ബാബുവിെൻറയും നിർലോഭമായ സഹായങ്ങളും ലഭിച്ചു. ഒരു ശിവരാത്രി രാവിൽ നാട്ടിലെ ക്ഷേത്രാങ്കണത്തിൽ ബാലേ നർത്തകർ എത്താൻ വൈകിയതിനെ തുടർന്ന് കഥാപ്രസംഗം അവതരിപ്പിക്കാൻ അവസരം ലഭിച്ചതോടെ സ്വന്തം ഗ്രാമത്തിലും പരിസരങ്ങളിലും മനോജ് അറിയപ്പെടാൻ തുടങ്ങി. പിന്നീട് വീട്ടിലെ സാമ്പത്തിക പ്രയാസം നിമിത്തം പതിനഞ്ച് വർഷം മുമ്പ് സൗദിയിലെ ജുബൈലിൽ എത്തിയ മനോജ് ജോലിത്തിരക്കുകൾക്കിടയിലും കഥാപ്രസംഗം ഉപേക്ഷിച്ചില്ല. വെള്ളിയാഴ്ചകളിൽ രാവും പകലും പരിശീലനം നടത്തി ഹൃദ്യസ്ഥമാക്കിയ കഥകൾ പറയാൻ നവോദയയുടെ വേദികൾ ലഭിച്ചത് അനുഗ്രഹമായി.
അവധിക്ക് നാട്ടിൽ പോകുന്ന അവസരങ്ങളിൽ ഉത്സവ പറമ്പുകളിലും ക്ലബ് പരിപാടികളിലുമൊക്കെ കഥപറഞ്ഞു. 2000^ൽ മലയാളത്തിലെ പ്രമുഖ കാഥികരായ വസന്തകുമാർ സാംബശിവൻ, ഹർഷകുമാർ, ഇടക്കൊച്ചി സലിം കുമാർ, കെടാമംഗലം സദാനന്ദൻ എന്നിവരുൾപ്പെടെ ക്ലാസുകൾ നയിച്ച ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടുന്ന് കിട്ടിയ അറിവുകൾ കൂടി ഉൾപ്പെടുത്തി കഥപറയൽ ഒന്നുകൂടി ആകർഷകമാക്കാൻ സംഭാഷണങ്ങൾക്കനുസരിച്ച് മികവുറ്റ അഭിനയവും കാഴ്ചവെച്ചു. പഞ്ചായത്ത് തലത്തിലും ക്ലബ്ബുകളും മനോജിെൻറ കഴിവിനെ ആദരിച്ച് പുരസ്‌കാരങ്ങൾ നൽകി. കരിങ്കല്ലിൽ നിന്നൊരു ചിലമ്പൊലി, ഉണർത്തുപാട്ട്, കാവിലമ്മ, ഗാന്ധാരി വിലാപം, ഇതിഹാസത്തിലെ കർണ്ണൻ തുടങ്ങിയ കഥകളാണ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്.
സാംബശിവനെ ഏറെ ഇഷ്ടപെടുന്ന മനോജ് കഥാപ്രസംഗത്തിെൻറ സുവർണ കാലം ഇനിയും വരുമെന്ന പ്രത്യാശയിലാണ്. കേരളത്തിൽ ഇപ്പോൾ നല്ല കാഥികർക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്.
കഥാപ്രസംഗമെന്ന കലയെ സ്നേഹിക്കുകയും ജീവിതം അതിനായി അർപ്പിക്കുകയും ചെയ്തവർ ജീവിത സായാഹ്നത്തിൽ ദരിദ്രരായി കഴിയേണ്ടിവരുന്നത് ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് മനോജ് ആവശ്യപ്പെടുന്നു.
പ്രകാശൻ താനൂർ, ഷാ തിരൂർ,ടിറ്റോ ജോസഫ്, പ്രകാശൻ തുടങ്ങിയവരാണ് വേദികളിൽ സംഗീത ഉപകരണങ്ങളുമായി മനോജിെൻറ സഹായികൾ. ഭാര്യ വിദ്യ, മകൾ അമേയ എന്നിവർ നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
