സൗദി മന്ത്രിസഭ തീരുമാനം: ഏകീകൃത തൊഴിൽപട്ടികയിൽ കലാരംഗത്തെ 80 തസ്തികകൾ കൂടി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ പുതിയ ഏകീകൃത തൊഴിൽ പട്ടികയിൽ കലാസാംസ്കാരിക രംഗത്തെ 80ൽ ഏറെ തസ്തികകൾ കൂടി ഉൾപ്പെടുത്താൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ കലാസാംസ്കാരിക രംഗത്തുള്ളവർക്ക് ആഹ്ലാദം നൽകുന്ന വാർത്ത സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് അറിയിച്ചത്. രാജ്യചരിത്രത്തിലെ ആദ്യത്തെ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതോടെ സംസ്കാരിക കലാരംഗങ്ങളിൽ പ്രവർത്തിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഗവൺമെൻറ്, ഗവൺമെേൻറതര മേഖലകളിൽ നിയമപരമായ തൊഴിൽ പദവി ലഭ്യമാകും. ഗവൺമെൻറ് ഏജൻസികൾ ഒരുമിച്ചു നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണിത്. മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയത്തോട് സാംസ്കാരിക മന്ത്രാലയം അഭ്യർഥന നടത്തിയതിനെ തുടർന്നാണ് ഇത്രയും ജോലികൾ ഉൾപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മുമ്പ് ഉൾപ്പെടുത്താത്ത നിരവധി സാംസ്കാരിക തൊഴിലുകൾ ഇതോടെ പട്ടികയിൽ ഇടംനേടി. സൗദി സാംസ്കാരിക മേഖലയെ കുറിച്ച് പഠിച്ചും അന്താരാഷ്ട്ര ക്ലാസിഫിക്കേഷൻ സിസ്റ്റം അടിസ്ഥാനവുമാക്കിയുമാണ് തസ്തികനിർണയം നടത്തിയത്. ആദ്യഘട്ടമായാണ് 80ലേറെ തൊഴിൽ പദവികൾക്ക് അംഗീകാരം നൽകിയത്.
നാടക സംവിധാനം, ചലച്ചിത്ര സംവിധാനം, ലൈറ്റിങ് ഡിസൈനർ, പ്രമാണങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും സ്പെഷലിസ്റ്റുകൾ, എക്സിബിഷൻ ഡിസൈനർ, ടെക്സ്റ്റൈൽ ഡിസൈനർ, ഫർണിചർ ഡിസൈനർ തുടങ്ങിയവ ഇൗ ജോലികളിൽ ഉൾപ്പെടും. പൈതൃകം, ഭാഷ, പുസ്തകങ്ങൾ, പ്രസിദ്ധീകരണം, ലൈബ്രറികൾ, ഫാഷൻ ആർട്ടുകൾ, നാടകം, കലാപരിപാടികൾ, പാചക കലകൾ, ചലച്ചിത്രങ്ങൾ, മ്യൂസിയങ്ങൾ, വിഷ്വൽ ആർട്ടുകൾ, ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ, വാസ്തുവിദ്യ, രൂപകൽപന തുടങ്ങിയ എല്ലാ സാംസ്കാരിക മേഖലകളും ഉൾപ്പെടണമെന്ന് മന്ത്രാലയം ആഗ്രഹിച്ചിരുന്നു.
ഏകീകൃത തൊഴിൽ പട്ടികയിൽ സാംസ്കാരിക തൊഴിലുകൾ ഉൾപ്പെടുത്തിയതോടെ കലാസാംസ്കാരിക രംഗത്തുള്ളവർക്ക് ഒൗദ്യോഗിക അംഗീകാരം നേടാൻ ഇതു സഹായിക്കും. അതോടൊപ്പം സാംസ്കാരിക തൊഴിലുകൾക്ക് ഒൗദ്യോഗിക ലൈസൻസ് നൽകുന്നതിനുള്ള ആദ്യപടി കൂടിയാണിത്. സൗദി ചരിത്രത്തിൽ ആദ്യമായാണ് സൗദി കലാകാരന് ഒൗദ്യോഗിക പ്രഫഷനൽ പദവി ലഭിക്കുന്നത്. ഇതു രാജ്യത്തെ സാംസ്കാരിക മേഖലയെ സജീവമാക്കാനും ആളുകളുടെ സൃഷ്ടിപരമായ പ്രവർത്തനങ്ങളുടെ പരിപോഷണത്തിനും അവസരം സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
