കച്ചവട കേന്ദ്രങ്ങളിൽ കൂട്ടംകൂടിയാൽ കടുത്ത ശിക്ഷ
text_fieldsജിദ്ദ: കച്ചവട സ്ഥാപനത്തിനകത്തോ പുറത്തോ ഷോപ്പിങ്ങിനെത്തുന്നവരോ തൊഴിലാളികളോ സംഘം ചേരുന്നതിന് പിഴയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സംഘം ചേരലുകൾ നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയും അതിനുള്ള പിഴ ശിക്ഷകളെയും കുറിച്ച് വീണ്ടും ട്വീറ്റ് ചെയ്യുന്നതിനിടയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ തവണ ഒരോ വ്യക്തിക്കും 5,000 റിയാലായിരിക്കും പിഴ. ആവർത്തിച്ചാൽ ഇരട്ടിക്കും. പരമാവധി ഒരു ലക്ഷം റിയാൽ വരെ പിഴ ശിക്ഷ ലഭിച്ചേക്കാം.
സ്ഥാപനമോ അതിനുത്തരവാദിയായവരോ പിഴ നൽകേണ്ടിവരും. അതോടൊപ്പം സംഘം ചേർന്നവർക്കും അതിലേക്ക് ക്ഷണിച്ചവർക്കും അതിന് കാരണക്കാരായവർക്കും 5,000 റിയാൽ വീതം പിഴയുണ്ടായിരിക്കും. നിയമലംഘനം രണ്ടാം തവണ ആവർത്തിച്ചാൽ സ്ഥാപന ഉടമ അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ ഒാരോ വ്യക്തിയുടെയും പേരിൽ 10,000 റിയാൽ വീതം പിഴ നൽകേണ്ടിവരും. മൂന്നാം തവണയാണെങ്കിൽ രണ്ടാംതവണത്തെ പിഴയുടെ ഇരട്ടിയാകും. അതോടൊപ്പം ഉത്തരവാദപ്പെട്ടയാളെയും ഹാജരായവരെയും ഒത്തുചേരലിലേക്ക് ക്ഷണിച്ചവരെയും അതിനു കാരണക്കാരായവരെയും പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കും.
സ്ഥാപനം സ്വകാര്യ മേഖലയുടേതാണെങ്കിൽ ആദ്യതവണ മൂന്ന് മാസത്തേക്കും രണ്ടാം തവണ ആറ് മാസത്തേക്കും അടച്ചുപൂട്ടും. വിദേശിയാണെങ്കിൽ ശിക്ഷാനടപടികൾക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തും. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നും മന്ത്രാലയം വിശദീകരിച്ചു. ഏതെങ്കിലും സ്ഥലത്ത് ആളുകൾ സംഘംചേരുന്നത് ശ്രദ്ധയിൽപെട്ടാൽ മക്ക മേഖല ഒഴികെയുള്ള രാജ്യത്തെ വിവിധ മേഖലകളിലുള്ള ട്രോൾ ഫ്രീ നമ്പറായ 999 ലും മക്കയിലുള്ളവർ 911ലും വിവരമറിയിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.