തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന ഏർപ്പെടുത്തി ജുബൈലിലെ കമ്പനികൾ
text_fieldsജുബൈൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്ക് അർപ്പി ച്ച് മാതൃകകാട്ടി ജുബൈലിലെ കമ്പനികൾ. വൈറസ് ബാധയുണ്ടോ എന്നറിയാൻ തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന സൗകര്യം ഒാരോ കമ്പനികളും സ്വന്തം നിലക്ക് ഏർപ്പെടുത്തി. ഇതുവരെ കോവിഡ് ബാധിതരെ കണ്ടെത്തിയിട്ടില്ലെങ്കിലും രോഗം വരാനും പടരുവാനുമുള്ള ഏതൊരു പഴുതിനും തടയിടാനുള്ള നടപടികളാണ് കമ്പനികൾ സ്വീകരിക്കുന്നത്. റോയൽ കമീഷനിലെ പ്രമുഖ കോൺട്രാക്ടിങ് കമ്പനിയായ അൽ-റവാബി തങ്ങളുടെ തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങളിൽ എത്തിയാണ് ശരീരോഷ്മാവ് അളക്കുന്ന പരിശോധന നടത്തുന്നത്. എല്ലാ ദിവസങ്ങളിലും രാവിലെയും ഉച്ചക്കും വൈകീട്ടും ജോലിസ്ഥലങ്ങളിൽ നേരിെട്ടത്തിയാണ് മെഡിക്കൽ ചെക്കപ്പ് നടത്തുന്നത്. ആവശ്യമായ കൈയുറകൾ, മുഖാവരണങ്ങൾ, സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്യുന്നു.
റോയൽ കമീഷൻ പൈപ്പ്ലൈൻ കോറിഡോർ, ഫാനാതീർ മറീന, ജുബൈൽ ഇൻഡസ്ട്രിയൽ പോർട്ട്, ട്രാൻസ്പോർട്ട് കൽവെർട്സ് മുതലായ സൈറ്റുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. റോയൽ കമീഷൻ ഫീൽഡ് എൻജി. സഫയർ മുഹമ്മദ്, റവാബി സ്പെഷലൈസ് കൺസ്ട്രക്ഷൻ സേഫ്റ്റി മാനേജർ പ്രദീപ് വിൽസൺ, സ്റ്റാഫ് നഴ്സ് റോണി തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കൃത്യമായി ആരോഗ്യ പരിരക്ഷ പ്രവർത്തനങ്ങൾ നടത്തുന്നത്. തസ്നീ, സദാറ, അഡ്വാൻസ് തുടങ്ങിയ പെട്രോകെമിക്കൽ കമ്പനികളിൽ കവാടങ്ങളിൽവെച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് തൊഴിലാളികളെ ഉള്ളിലേക്ക് വിടുന്നത്. ശരീരോഷ്മാവ് കൂടുതലായി കാണുന്നവരെ കൂടുതൽ പരിശോധനകൾക്കായി ഫാക്ടറിയിലെ ക്ലിനിക്കുകളിലേക്ക് മാറ്റും.
അൽ-വതനിയ ഇൻഷുറൻസ് കമ്പനിയുടെ നേതൃത്വത്തിൽ ഖോബാർ ഗേറ്റ് ടവർ കെട്ടിട സമുച്ചയത്തിൽ പനി പരിശോധന സൗജന്യമായി നടത്തിയിരുന്നു. കമ്പനികളിലെ ഹാജർ നില കുറയുന്നത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുമൂലം ഓഫിസ് പ്രവർത്തനങ്ങളും ഏറ്റെടുത്ത നിർമാണ പ്രവർത്തനങ്ങളും നീണ്ടുപോവുകയാണ്. വലിയ കമ്പനികളുടെ മാനേജ്മെൻറ്, അഡ്മിനിസ്ട്രേഷനിലുള്ള ഉദ്യോഗസ്ഥരും മറ്റും ഭൂരിപക്ഷവും ബഹ്റൈനിലാണ് താമസം. കിങ് ഫഹദ് കോസ്വേ അടച്ചതുമൂലം അവർക്ക് സൗദിയിലേക്ക് വരാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഓൺലൈൻ വഴിയാണ് ഭൂരിപക്ഷം കമ്പനികളും മീറ്റിങ്ങുകൾ നടത്തുന്നത്. ഇതിനിടെ ഖത്വീഫിൽ ഏർപ്പെടുത്തിയ നിയന്ത്രണവും യാത്രവിലക്കും ജുബൈലിലും നടപ്പാക്കുന്നു എന്നും പ്രവേശനം തടയുന്നു എന്നുമുള്ള പ്രചാരണം നടന്നത് ആശങ്ക പരത്തിയിരുന്നു. ഭയംമൂലം ജനം ആവശ്യത്തിൽ കൂടുതൽ ഭക്ഷ്യവസ്തുക്കളും മറ്റും വാങ്ങി സൂക്ഷിക്കുന്നതായി കടയുടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
