പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധം –ജസ്റ്റിസ് കെമാൽ പാഷ
text_fieldsജിദ്ദ: കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പൗരത്വ ഭേദഗതി നിയമം ഭരണഘടനവിരു ദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് കേരള ഹൈകോടതി മുൻ ജഡ്ജി കെമാൽ പാഷ പറഞ്ഞു. പൗരത് വ നിയമം മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും ഇന്ത്യയിലെ മുഴുവൻ സമുദായങ്ങളെയും ബാധിക്കുന്നതാണെന്നും നിയമത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ‘പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി, സ്വാതന്ത്ര്യം, സമത്വം, മതേതരത്വം എന്നിവ ഉൾക്കൊള്ളുന്ന ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഹൃദയമാണെന്നും അദ്ദേഹം പറഞ്ഞു. 1955ലാണ് ഇന്ത്യൻ പൗരത്വ നിയമം നിലവിൽവന്നത്. ഇന്ത്യൻ ഭരണഘടനയനുസരിച്ച് പൗരത്വം നൽകുന്നത് മതം നോക്കിയല്ല. ഇന്ത്യ അടിസ്ഥാനപരമായി ഒരു മതനിരപേക്ഷ രാജ്യമാണ്. മതം നോക്കി പൗരത്വം നൽകുന്ന പുതിയ നിയമം ഭരണഘടനയുടെ ആർട്ടിക്ൾ 13 പ്രകാരം അസാധുവാണെന്നും അദ്ദേഹം വിശദീകരിച്ചു.
വിദേശ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെയോർത്ത് ആശങ്കപ്പെടുന്ന കേന്ദ്രസർക്കാറിന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല. മോദിസർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തു. നിരവധി പേർക്ക് അതുമുഖേന ജീവൻ നഷ്ടപ്പെട്ടു. ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടിയിരുന്നു. തകർന്ന സമ്പദ്ഘടനയിൽനിന്ന് ജനശ്രദ്ധ തിരിക്കാനും രാജ്യത്ത് മതധ്രുവീകരണം ഉണ്ടാക്കാനുമാണ് ബി.ജെ.പി സർക്കാർ പൗരത്വ നിയമം കൊണ്ടുവന്നത്. ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടാൽ ഏകാധിപത്യത്തിലേക്ക് വഴിമാറും. മുസ്ലിം സ്ത്രീകൾ സമരം ചെയ്യാൻ പാടില്ലെന്ന പണ്ഡിതരുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി. മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് നഹ അധ്യക്ഷത വഹിച്ചു. വി.പി. ഷിയാസ് സംസാരിച്ചു. വിദ്യാർഥികളുടെ ദേശീയ ഗാനാലാപനത്തോടെ പരിപാടി ആരംഭിച്ചു. ഷാനവാസ് ഭരണഘടനയുടെ ആമുഖം വായിച്ചു. കെമാൽ പാഷക്കുള്ള ഒ.ഐ.സി.സിയുടെ ഉപഹാരം കുഞ്ഞാലി ഹാജി കൈമാറി. ഹക്കീം പാറക്കൽ സ്വാഗതവും അലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
