സൗദിയിൽ വിദേശത്തേക്കുള്ള പണമൊഴുക്കിൽ വീണ്ടും കുറവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിെൻറ തോതിൽ വീണ്ടും കുറവ്. തുടർച്ചയായ നാലാം വർഷമാണ് വിദേശ പണവിനിമയത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികൾ അയക്കുന്ന പണത്തിലാണ് ഇൗ കുറവ് അനുഭവപ്പെടുന്നത്. ഒപ്പം സ്വദേശികൾ വിദേശങ്ങളിലേക്ക് അയക്കുന്ന തുകയിലും കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വിദേശികളുടെ റെമിറ്റൻസിൽ 2016 മുതൽ തുടർച്ചയായി കുറവ് അനുഭവപ്പെട്ടുവരുകയായിരുന്നു. 2019ലും അതാവർത്തിച്ചു. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയാണ് (സാമ) പോയ വർഷത്തെ കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത് 125.5 ശതകോടി റിയാലാണ്.
2018ൽ ഇത് 136.4 ശതകോടി റിയാലായിരുന്നു. എട്ട് ശതമാനത്തിെൻറ കുറവാണ് തൊട്ടു പിറ്റേ വർഷമുണ്ടായത്. ഏഴ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റെമിറ്റൻസ് നിരക്കുകൂടിയാണ് പോയ വർഷത്തേത്. 2018ൽ 3.7 ശതമാനവും 2017ൽ 6.7 ശതമാനവും 2016ൽ 3.2 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്. 2015ൽ വിദേശ റെമിറ്റൻസിൽ സർവകാല റെക്കോർഡിട്ട് വിദേശത്തേക്ക് പോയ പണത്തിെൻറ തോത് 156.86 ശതകോടി റിയാലായി ഉയർന്നിരുന്നു. ആ ഉയർച്ചയുടെ കൊടുമുടിയിൽനിന്നാണ് പടിപടിയായി കുറഞ്ഞ് കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ കണക്കിലെത്തിയത്. പോയ വർഷം സൗദി പൗരന്മാർ വിവിധ ആവശ്യങ്ങൾക്കായി വിദേശങ്ങളിലേക്ക് അയച്ച തുകയിലും നല്ല കുറവ് അനുഭവപ്പെട്ടു. 3.6 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇതിൽ കുറവ് രേഖപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
