ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് അർബുദം മാറ്റാനാവില്ല –ഡോ. വി.പി. ഗംഗാധരൻ
text_fieldsറിയാദ്: ഒറ്റമൂലിയോ മന്ത്രവാദമോകൊണ്ട് അർബുദ രോഗം ചികിത്സിക്കാനാവില്ലെന്നും അതിന് സമയം കളയാതെ എത്രയും വേഗം ഉചിത ചികിത്സ തേടുകയാണ് വേണ്ടതെന്നും പ്രശസ്ത അർബുദ ചികിത്സ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ. ഹ്രസ്വസന്ദർശനത്തിന് റിയാദിലെത്തിയ അദ്ദേഹം റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു. അർബുദത്തെ ഭയത്തോടെ കാണുന്നതിന് പകരം രോഗത്തെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. മറ്റ് ജീവിതശൈലീരോഗങ്ങളെപോലെ അർബുദത്തെയും ഒരുപരിധി വരെ മുൻകൂട്ടി തടയാനാകും. പുകയില ഉപയോഗം, മദ്യപാനം എന്നിവയിൽനിന്ന് അകന്നുനിന്നാൽതന്നെ 30 ശതമാനംകണ്ട് അർബുദത്തെ തടയാനാകും.
പുകയിലയാണ് ഏറ്റവും വലിയ അപകടം. പുകവലിക്കുന്നവർ സ്വയം മരിക്കുക മാത്രമല്ല മറ്റുള്ളവരെ കൊല്ലുകകൂടിയാണ് ചെയ്യുന്നത്. പുകയില ഉപയോഗംമൂലമുള്ള അർബുദത്തിലൂടെ ഒരു വർഷം ആറുലക്ഷം പേർ മരിക്കുന്നു. പലതരം അർബുദങ്ങളിൽതന്നെ ഏറ്റവും അപകടം പിടിച്ചതാണ് ശ്വാസകോശാർബുദം. അത് പുകയില ഉപയോഗംകൊണ്ടാണ് കൂടുതലും സംഭവിക്കുന്നത്. അർബുദത്തെ തടയാനെ കഴിയൂ. വന്നിട്ട് ചികിത്സിച്ച് ഭേദമാക്കാൻ കാത്തുനിൽക്കരുത്. പുകവലിയുടെ കൂടെ മദ്യപാനം കൂടിയാകുേമ്പാഴാണ് അപകടം ഇരട്ടിക്കുന്നത്. ജീവിതശൈലീ പ്രശ്നങ്ങളാണ് അർബുദത്തിന് മറ്റൊരു കാരണം. ഭക്ഷണത്തിൽ ശ്രദ്ധവേണം.
നോൺ വെജ് കുറക്കുകയും സസ്യാഹാരം കൂട്ടുകയും ചെയ്യണം. പഴം, പച്ചക്കറി, ഇല, പയർവർഗങ്ങൾക്ക് അർബുദത്തെ ഫലപ്രദമായി തടയാൻ കഴിയും. കുട്ടികളെ ടി.വിയുടെയോ ടാബിേൻറയോ മുന്നിലിരുത്തി ഭക്ഷണം കൊടുക്കരുത്. എത്രയെന്നറിയാതെ അമിതമായ കഴിക്കും. പൊണ്ണത്തടിയും അർബുദത്തിന് കാരണമാകും. ഇൗവക കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീണ്ടും ഒരു 30 ശതമാനംകൂടി അർബുദത്തെ തടയാം.
രോഗം പ്രാരംഭദശയിൽതന്നെ കണ്ടെത്താൻ സാധിച്ചാൽ അടുത്തൊരു 30 ശതമാനംകൂടി തടയാൻ കഴിയും. സ്ത്രീകളിലെ ബ്രസ്റ്റ് കാൻസർ പ്രാരംഭദശയിൽതന്നെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്നതാണ്. ലക്ഷണങ്ങൾ സ്ത്രീകൾക്ക് സ്വയംതന്നെ പരിശോധിച്ച് കണ്ടെത്താൻ കഴിയും. വേദനയില്ലാത്ത മുഴകളാണ് പ്രശ്നം. തൊലിപ്പുറത്തെ ചുളിവുകൾ, മുലക്കണ്ണ് ഉള്ളിലേക്ക് വലിയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.
അർബുദം ചികിത്സിച്ച് ഭേദമാക്കിയാൽ അഞ്ചുവർഷത്തിനുള്ളിൽ വീണ്ടും വരാൻ സാധ്യതയുണ്ട്. എന്നാൽ, ആ കാലവും കഴിഞ്ഞ് വന്നില്ലെങ്കിൽ പൂർണമായും ഭേദപ്പെെട്ടന്ന് കരുതാം. സമൂഹം രോഗികൾക്ക് ആത്മവിശ്വാസം നൽകണം.
ഇന്ത്യയിൽ അർബുദത്തിന് ചികിത്സക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നിട്ടുമെന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കളും വിദേശത്ത് ചികിത്സക്ക് പോകുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അക്ബർ വേങ്ങാട്ട് സ്വാഗതവും ചീഫ് കോഒാഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
