ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി ലീല ബായ് നാട്ടിലേക്ക് മടങ്ങി
text_fieldsദമ്മാം: വീട്ടുജോലിസ്ഥലത്തെ പ്രയാസങ്ങളും ശമ്പളം കിട്ടാത്ത അവസ്ഥയും കാരണം ദുരിതത്തിലായ ഇന്ത്യൻ വനിത സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മണക്കരൈ പുതുഗ്രാമം സ്വദേശിനി ഗ്യാനപരണം ലീല ബായ് ആണ് നാട്ടിലേക്ക് മടങ്ങിയത്. ഒരു വർഷം മുമ്പാണ് ലീല ബായ് സൗദി അറേബ്യയിലെ ജുബൈലിൽ വീട്ടിൽ ജോലിക്ക് എത്തിയത്. രാപകൽ ഇല്ലാതെ ജോലി ചെയ്യിച്ചെങ്കിലും മതിയായ ആഹാരമോ വിശ്രമമോ അവർക്ക് കിട്ടിയില്ല എന്നായിരുന്നു പരാതി. പത്തുമാസത്തിലധികം ജോലി ചെയ്തെങ്കിലും അഞ്ചു മാസത്തെ ശമ്പളം മാത്രമാണ് കിട്ടിയത്. ദുരിതത്തിലായ അവർ ജുബൈലിലെ സാമൂഹികപ്രവർത്തകരായ മുഹമ്മദ് യാസീനെയും, മഞ്ജു മണിക്കുട്ടനെയും കാര്യങ്ങൾ ധരിപ്പിച്ചു. മഞ്ജുവിെൻറ ഇടപെടലിൽ യാസീെൻറ സഹായത്തോടെ ദമ്മാമിൽ എത്തിയ ലീല ബായിയെ ദമ്മാം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
പൊലീസ് അവരെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. അവിടെനിന്ന് അവരെ മഞ്ജു മണിക്കുട്ടൻ ജാമ്യത്തിൽ എടുത്ത് സ്വന്തം വീട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ഒരു മാസത്തോളം ആ വീട്ടിൽ കഴിഞ്ഞ ലീല ആരോഗ്യം വീണ്ടെടുത്തു. മഞ്ജു മണിക്കുട്ടൻ ലീലാ ബായിയുടെ സ്പോൺസറെ ഫോണിൽ ബന്ധപ്പെട്ട് പല തവണ ചർച്ച നടത്തിയെങ്കിലും, അയാൾ സഹകരിക്കാനോ, ലീലയുടെ പാസ്പോർട്ട് നൽകാനോ തയാറായില്ല. തുടർന്ന് ഇന്ത്യൻ എംബസിയിൽനിന്ന് ലീലക്ക് ഔട്ട്പാസും പിന്നീട് ഫൈനൽ എക്സിറ്റും ലഭ്യമാക്കി. പ്രവാസിയായ ഹരീഷ് വിമാനടിക്കറ്റ് സൗജന്യമായി നൽകി. നടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു ലീല ബായ് നാട്ടിലേക്ക് മടങ്ങി. വിവിധ ഘട്ടങ്ങളിൽ സഹകരിച്ച സാമൂഹികപ്രവർത്തകരായ താജുദ്ദീൻ, അനു രാജേഷ്, ഷമീർ ചാത്തമംഗലം എന്നിവർക്ക് നവയുഗം ജീവകാരുണ്യവിഭാഗം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
