ലെവി ഇളവ് ഗുണംചെയ്യുന്നതായി റിപ്പോർട്ട്
text_fieldsജിദ്ദ: സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളിലെ ലെവി ഇളവ് ഗുണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. നിയമം പ്രാബല്യത്തിലായതോടെ വ്യവസായ മേഖലയില്‍ നിരവധി പുതിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. നിശ്ചിത ശതമാനം സൗദിവത്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ലെവിയില്‍ ഇളവ് അനുവദിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് ലെവിയില്‍ അനുവദിച്ച ഇളവ് പ്രാബല്യത്തിലായത്. സൗദി ഭരണാധികാരി സല്മാന് രാജാവാണ് വ്യവസായമേഖലക്ക് ആശ്വാസമായി അഞ്ചുവര്‍ഷത്തേക്ക് വിദേശികളായ തൊഴിലാളികളുടെ മേൽ ചുമത്തിയിട്ടുള്ള ലെവി സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചത്.
തീരുമാനം പ്രാബല്യത്തിലായതോടെ 124 ഫാക്ടറികള്‍ക്ക് മന്ത്രാലയം പുതിയതായി ലൈസന്‍സുകള്‍ അനുവദിച്ചു. മൂവായിരത്തോളം സ്വദേശികള്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ചെന്നും വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. 200 കോടിയിലധികം റിയാലാണ് പുതിയ ഫാക്ടറികളിലൂടെ നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഇതുവഴി ആറായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 8750 ആയി ഉയരും. 2030 വരെയുള്ള കാലത്തേക്ക് വ്യവസായ ശാലകളുടെ വൈദ്യുതി, ഇന്ധന നിരക്കുകള്‍ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
