വ്യവസായ മേഖല അഞ്ചു വര്‍ഷത്തിനകം സ്വദേശിവത്കരിക്കും –മന്ത്രി
text_fieldsജിദ്ദ: സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ പദ്ധതികള്‍ പഠിച്ച് വരികയാണെന്ന് വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ്. അഞ്ചു വര്‍ഷത്തിനകം വ്യവസായ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് പ്രഖ്യാപിച്ച ലെവി ഇളവ് സൗദിവത്കരണവുമായി ബന്ധപ്പെട്ടല്ലെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിറകെയാണ്, വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പദ്ധതികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്. ഇന്ധന, വൈദ്യുതി, ഗ്യാസ് നിരക്കുകള്‍ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ച് മന്ത്രാലയം പഠിച്ചുവരികയാണ്. ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
2030വരെ ഊര്ജനിരക്കുകള് സ്ഥിരപ്പെടുത്തി വ്യവസായ സ്ഥാപനങ്ങളുടെ ഉൽപാദനച്ചെലവ് കുറച്ചുകൊണ്ട് വരികയാണ് ലക്ഷ്യം. പുത്തന്‍ ആശയങ്ങളും ഗവേഷണങ്ങളും അവലംബിക്കുന്ന കമ്പനികളെ രാജ്യത്തേക്ക് കൊണ്ടുവരുന്ന സൗദി കമ്പനികള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കുമെന്നും വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 13,200 കോടിയിലേറെ റിയാല്‍ വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 81 ശതമാനവും ചെറുകിട ഇടത്തരം പദ്ധതികള്‍ക്കാണ് അനുവദിച്ചത്. ഇക്കാലയളവില്‍ 1,87,000ത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
