ഹജ്ജ് ടെർമിനൽ ഇന്ന് അടക്കും
text_fieldsജിദ്ദ: ജിദ്ദ വിമാനത്താവള ഹജ്ജ് ടെർമിനൽ തിങ്കളാഴ്ച അടക്കും. തീർഥാടകരെ വഹിച്ചുള്ള വിമാന സർവിസുകൾ ഇന്നുകൂടിയുണ്ടാവും. ദുൽഹജ്ജ് 13 മുതലാണ് ഹാജിമാരുടെ മടക്കാത്ര ആരംഭിക്കുകയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ആഭ്യന്തര തീർഥാടകരായിരിക്കും ആദ്യദിന സർവിസുകളിലുണ്ടാകുക. തൊട്ടടുത്ത ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങൾ, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ മടക്കയാത്ര ആരംഭിക്കും. മുഹർറം 15 വരെ തിരിച്ചുപോക്ക് തുടരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. തീർഥാടകരുടെ തിരിച്ചുപോക്ക് തുടങ്ങുന്നതോടെ ഹജ്ജ് ടെർമിനലിലെ സ്വീകരണ കൗണ്ടറുകളൊക്കെ മടക്കയാത്രികർക്കായി മാറ്റും. ടെർമിനലിൽ 14 ഹാളുകളാണുള്ളത്.
208 പാസ്പോർട്ട് കൗണ്ടറുകളുമുണ്ടാകും. ലഗേജുകൾക്ക് കുറ്റമറ്റ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ നാലിനാണ് ഹജ്ജ് വിമാനങ്ങളുടെ വരവ് തുടങ്ങിയത്. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ തീർഥാടകരെയും വഹിച്ചെത്തിയ ആറായിരം വിമാന സർവിസുകളെ സ്വീകരിച്ചതായാണ് കണക്ക്. ജിദ്ദ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. മദീനയിലേക്ക് നേരിട്ട് എത്തിയ തീർഥാടകർ ജിദ്ദ വിമാനത്താവളം വഴിയായിരിക്കും യാത്ര തിരിക്കുക. അതേസമയം, കര, േവ്യാമ, കടൽമാർഗം തീർഥാടകരുടെ വരവ് തുടരുകയാണ്. പാസ്പോർട്ട് ഡയറക്ടറേറ്റ് കണക്കു പ്രകാരം ഇതുവരെ 16,04,171 ഹാജിമാർ പുണ്യഭൂമിലെത്തിയിട്ടുണ്ട്. ഇതിൽ 14,98,909 പേർ വിമാന മാർഗവും 88,346 പേർ റോഡ് മാർഗവും 16,916 പേർ കപ്പൽ വഴിയും എത്തിയവരാണ്. മുൻവർഷം ഇതേ കാലയളവിലുള്ളതിനേക്കാൾ തീർഥാടകരുടെ എണ്ണത്തിൽ 1,17,222 പേരുടെ അഥവാ എട്ട് ശതമാനം വർധനവുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
