തൊഴിലുടമ മരിച്ചു: നാട്ടിൽ പോകാനാവാതെ മലയാളി ഹൗസ് ഡ്രൈവർ
text_fieldsറിയാദ്: തൊഴിലുടമ മരിച്ചതിനെ തുടർന്ന് സ്പോൺസർഷിപ് മാറ്റാനോ നാട്ടിൽ പോകാനോ കഴിയാതെ മലയാളി ഹൗസ് ഡ്രൈവർ. ഒമ്പതുവർഷമായി റിയാദ് മലസിലെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുന്ന കൊല്ലം കൊട്ടാരക്കര മാവടി പൂവറ്റൂർ പടിഞ്ഞാറ് സ്വദേശി മനോജ് കുമാറാണ് നിയമകുരുക്കും പലവിധ അസുഖങ്ങളുമായി പ്രയാസത്തിൽ കഴിയുന്നത്. അവധിക്ക് നാട്ടിൽ പോയി വന്നിട്ട് മൂന്നുവർഷം കഴിഞ്ഞു. അതിനിടെയാണ് സ്പോൺസറുടെ മരണം.
മറ്റൊരാളുടെ പേരിലേക്ക് സ്പോൺസർഷിപ് മാറ്റണമെങ്കിൽ സ്പോൺസറുടെ അനന്തരാവകാശികൾ കോടതിയിൽ സത്യവാങ്മൂലം നൽകണം. സ്പോൺസർ മൂന്ന് വിവാഹം കഴിച്ചതിനാൽ അനന്തരാവകാശികളായി മൂന്നു ഭാര്യമാരും ഒമ്പത് മക്കളുമുണ്ട്. സ്വത്തിെൻറ പേരിൽ കുടുംബങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കേസ് കോടതിയിലുമാണ്. കുടുംബാംഗങ്ങൾ തമ്മിലെ സ്വരച്ചേർച്ചയില്ലായ്മയാണ് മനോജിന് വിനയായത്. തനിക്കുവേണ്ടി ആരും കോടതിയിൽവന്ന് ഒപ്പിടാൻ തയാറാകുന്നില്ല. ഒരു കൂട്ടർ വരാൻ തയാറായാൽതന്നെ അടുത്ത കൂട്ടർ അതിന് എതിരുനിൽക്കും.
ഇതിനിടയിൽ പെട്ട് നട്ടം തിരിയുകയാണ് മനോജ്. സ്പോൺസറുടെ ഒരു ഭാര്യയുടെ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ ഡ്രൈവർ ജോലി ചെയ്യുന്നത്. തങ്ങളുടെ പേരിലേക്ക് സ്പോൺസർഷിപ് മാറ്റാനും സ്ഥിരം ജീവനക്കാരനായി നിലനിർത്താനും അവർക്ക് താൽപര്യമുണ്ട്. എന്നാൽ, തർക്കംകാരണം മറ്റുള്ളവർ സമ്മതിക്കുന്നില്ല. ഇൗ തർക്കം കാരണം ഇഖാമ പുതുക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. അതിനിടെ, പലവിധ അസുഖങ്ങളും ബാധിച്ചിട്ടുണ്ട്. നാട്ടിൽപോയി ചികിത്സ തേടേണ്ടതുമുണ്ട്. സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടിെൻറ സഹായത്തോടെ തൊഴിൽകാര്യാലയത്തെയും ഗവർണറേറ്റിനെയും സമീപിക്കാനൊരുങ്ങുകയാണ് മനോജ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
