അരാംകോ ആക്രമണം: അന്താരാഷ്​ട്ര  എണ്ണ വിതരണത്തെ ബാധിക്കില്ല

  • ഇത്​ രാജ്യത്തിനെതിരായ ആക്രമണം മാത്രമല്ല;  ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലേക്കുള്ള ഊര്‍ജ സഹായം നല്‍കുന്നത് തടയുകയാണ് ശത്രുക്കളുടെ ലക്ഷ്യം -ഉൗർജമന്ത്രി

07:15 AM
15/05/2019
എൻജി. ഖാലിദ് ഫാലിഹ്

റിയാദ്​: അരാംകോ പമ്പിങ് സ്​റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമണം അന്താരാഷ്​ട്ര എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് സൗദി അറേബ്യ. അന്താരാഷ്​ട്ര മാർക്കറ്റിലേക്കുള്ള സൗദിയുടെ എണ്ണ വിതരണം തുടരുന്നുണ്ട്. സൗദിയില്‍ നിന്നും കയറ്റി അയക്കുന്ന ക്രൂഡോയില്‍, മറ്റു പ്രകൃതി ഉൽപന്നങ്ങള്‍ എന്നിവ കുഴിച്ചെടുക്കുന്നതും ഉൽപാദിപ്പിക്കുന്നതും തുടരുമെന്നും യാതൊരു തടസ്സവുമില്ലാതെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സൗദി ഊര്‍ജ  വകുപ്പ് മന്ത്രി എൻജി. ഖാലിദ് ഫാലിഹ് വ്യക്തമാക്കിയിട്ടുണ്ട്​.  ഭീകര പ്രവര്‍ത്തനത്തിനെതിരെ രാജ്യം ശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം ഇത് സൗദിക്കെതിരായ നീക്കം മാത്രമല്ല എന്നും ഉൗർജമന്ത്രി അഭിപ്രായപ്പെട്ടു.

ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലേക്കുള്ള ഊര്‍ജ സഹായം നല്‍കുന്നത് തടയുകയാണ് ശത്രുക്കളുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം അറേബ്യന്‍ ഉള്‍ക്കടലിലും സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇറാന്‍ പിന്തുണയോടെ  ഹൂതികള്‍ നടത്തുന്ന ഇത്തരം വില കുറഞ്ഞ അക്രമങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതി​​െൻറ പ്രാധാന്യം കുടുതൽ ബോധ്യമായതായും എൻജി.ഖാലിദ് അൽ ഫാലിഹ് വ്യക്​തമാക്കി. കഴിഞ്ഞ ദിവസം യു.എ.ഇ തീരത്തും സൗദി കപ്പല്‍ ആക്രമണത്തിന് വിധേയമായതിന്​ പിന്നാലെ പുതിയ ആക്രമണ  വാര്‍ത്ത കൂടി പുറത്ത് വന്നതോടെ ആഗോള വിപണിയില്‍ വില വീണ്ടും വര്‍ധിച്ചു.

ബാരലിന് 72 ഡോളറിനടുത്താണ് നിലവില്‍ വില. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥത തുടരുകയാണ്. എണ്ണ ഖനനം സജീവമായ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് യാമ്പുവിലെ റിഫൈനറിയിലേക്കാണ് എണ്ണ ശുദ്ധീകരണത്തിന് എത്തിക്കുന്നത്. ഈ പൈപ്പ് ലൈനിലെ പമ്പിങ് സ്​റ്റേഷനുകള്‍ക്ക് നേരെയാണ് ചൊവ്വാഴ്​ച പുലർച്ചെ ആക്രമണം നടന്നത്​. ഇതോടെയുണ്ടായ തീപിടിത്തം അണച്ചു. എങ്കിലും കേടുപാടുകള്‍ തീര്‍ത്ത് സുരക്ഷ ഉറപ്പു വരുത്തിയാകും ഇനി പമ്പിങ്.   കഴിഞ്ഞ ദിവസം യു.എ.ഇ തീരത്ത് സൗദി കപ്പല്‍ ആക്രമണത്തിന് ഇരയായിരുന്നു. 

Loading...
COMMENTS