റിയാദിൽ അഞ്ച്​ പുതിയ സ്വകാര്യ മ്യൂസിയങ്ങൾക്ക്​ അനുമതി

  • ഇതോടെ റിയാദ്​ പ്രവിശ്യയിൽ അംഗീകൃത സ്വകാര്യ മ്യൂസിയങ്ങളുടെ എണ്ണം 50 ആയി

പുതുതായി ലൈസൻസ്​ നൽകിയ റിയാദ്​ പ്രവിശ്യയിലെ ഒരു സ്വകാര്യ മ്യൂസിയം

റിയാദ്​: സ്വകാര്യ മേഖലയിൽ റിയാദ്​ പ്രവിശ്യയിൽ അഞ്ച്​ ഹെരിറ്റേജ്​ മ്യൂസിയങ്ങൾക്ക് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജ്​ (എസ്​.സി.ടി.എച്ച്​) അനുമതി നൽകി. ദേശീയ പൈതൃകങ്ങളുടെയും ചരിത്രശേഷിപ്പുകളുടെയും സംരക്ഷണത്തിന്​ സ്വകാര്യമേഖലയിൽ കൂടി മ്യൂസിയങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്​ സ്വകാര്യ സരംഭങ്ങൾക്ക്​ ലൈസൻസ്​ അനുവദിക്കുന്നത്​. പ്രവിശ്യയിൽ ഇതോടെ വിവിധ പട്ടണങ്ങളിലും ഗവർണറേറ്റുകളുടെ ഭൂപരിധികളിലുമായി ഇതോടെ അംഗീകൃത സ്വകാര്യ മ്യൂസിയങ്ങളുടെ എണ്ണം 50 ആയി ഉയർന്നു. ​മജ്​മഅ റൗദത്തു സുദൈറിലെ മാജിദ്​ ഹെരിറ്റേജ്​​ മ്യൂസിയം, റിയാദ്​ നഗര പരിധിയിലെ ഖാലിദ്​ അൽറേഡിയൻ ഹെരിറ്റേജ്​ മ്യൂസിയം, ദവാദ്​മിയിലെ ഖറാറ മ്യൂസിയം, റിയാദിൽ തന്നെ റിവാഖ്​ അൽതുറത്​ മ്യൂസിയം,

ദവാദ്​മിയിൽ മൗദി അൽആസിമി മ്യൂസിയം എന്നിവയ്​ക്കാണ്​ പുതുതായി ലൈസൻസ്​ ലഭിച്ചത്​. ഇതിൽ റിയാദിലെ റിവാഖ്​ അൽതുറത്​ മ്യൂസിയം, ദവാദ്​മിയിലെ മൗദി അൽആസിമി മ്യൂസിയം എന്നിവ വനിതാ ഉടമസ്ഥതയിലുള്ളതാണ്​. ഇങ്ങനെ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്വകാര്യ മ്യൂസിയങ്ങളുടെ എണ്ണം കൊണ്ട്​ റിയാദ്​ പ്രവിശ്യ രാജ്യത്തെ മറ്റ്​ പ്രവിശ്യകളെ അപേക്ഷിച്ച്​ ഒന്നാം സ്ഥാനത്താണെന്നും ഇതിന്​ പുറമെ നാഷനൽ മ്യൂസിയം ഉൾപ്പെടെ പൊതുമേഖലയിൽ നിരവധി മ്യൂസിയങ്ങൾ വേറെ ഉണ്ടെന്നും പുരാവസ്​തു സംരക്ഷണത്തി​​െൻറയും പ്രദ​ർശന​ശാലകളുടെയും കാര്യത്തിൽ പ്രവിശ്യ അഭൂതപൂർവമായ നേട്ടങ്ങളും റെക്കോർഡുകളുമാണ്​ സ്വന്തമാക്കി കൊണ്ടിരിക്കുന്നതെന്നും എസ്​.സി.ടി.എച്ച്​ റിയാദ്​ റീജനൽ ഡയറക്​ടർ ഡോ. അജാബ്​ അൽഉതൈബി പറഞ്ഞു.

സ്വകാര്യ മ്യൂസിയങ്ങളിലെല്ലാം ദേശീയ ദിനം, പെരുന്നാളുകൾ പോലുള്ള പൊതു വിശേഷാവസരങ്ങളിലും ഒൗദ്യോഗിക അവധിദിനങ്ങളിലും അന്താരാഷ്​ട്ര മ്യൂസിയം ദിനത്തിലും വർണാഭമായ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും പൗരന്മാരും പ്രവാസി സമൂഹവും സ്​കൂൾ വിദ്യാർഥികളും വിദേശരാജ്യങ്ങളിൽ നിന്നുള്ള ഒൗദ്യോഗിക അതിഥികളുമെല്ലാം ഇൗ പരിപാടികൾക്കെത്തുകയും മ്യൂസിയങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മ്യൂസിയം നടത്തിപ്പുകാരെ ടൂറിസ്​റ്റ്​ ട്രിപ്പുകൾ സംഘടിപ്പിക്കാനും മ്യൂസിയത്തിലെ പ്രദർശനശാലകൾ നവീകരിക്കാനും മ്യൂസിയങ്ങളെ കുറിച്ചുള്ള ​ബ്രോഷറുകൾ അച്ചടിക്കാനും ടൂറിസം കമീഷൻ റിയാദ്​ റീജ്യൻ വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്നുണ്ട്​.

അതുപോലെ ഇൗ മ്യൂസിയങ്ങളെ പരസ്യപ്പെടുത്താനും ടൂറിസം മാപ്പിൽ ​അടയാളപ്പെടുത്താനും തെരുവുകളിലും മറ്റും മ്യൂസിയങ്ങളെ കുറിച്ചുള്ള പരസ്യഫലകങ്ങൾ സ്ഥാപിക്കാനും എല്ലാം ആവശ്യമായ സഹായങ്ങൾ കമീഷ​​െൻറ ഭാഗത്തു നിന്ന്​ നിർബാധം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദ്​ പ്രവിശ്യയിൽ നേരത്തെ തന്നെ പ്രവർത്തിക്കുന്ന അംഗീകൃതവും പ്രധാനപ്പെട്ടതുമായ മ്യൂസിയങ്ങൾ ഇവയാണ്​: അൽഹംദാൻ ഹെരിറ്റേജ്​ മ്യൂസിയം റിയാദ്​, അൽതമീമം മ്യൂസിയം അൽഅഫ്​ലാജ്​, ഹമദ്​ അൽസാലിം മ്യൂസിയം ഇഷ്​ഖൈർ സ​െൻറർ, അൽസാദിരിയ ഹെരിറ്റേജ്​ മ്യൂസിയം വാദി ദവാസിർ, അൽദലം അബാഷ അൽതാരിഖ്​ മ്യൂസിയം അൽഖർജ്​, ജാറല്ലാഹ്​ അൽഅദീബ്​ മ്യൂസിയം ഫോർ പോപ്പുലർ ഹെരിറ്റേജ്​ റിയാദ്​, ദിയാർ അൽഇസ്​ മ്യൂസിയം മുസാഹ്​മിയ, അബ്​ദുൽറഹ്​മാൻ അൽദ്വൈഹി മ്യൂസിയം ഫോർ പോപ്പുലർ ഹെരിറ്റേജ്​ സുൽഫി.

Loading...
COMMENTS