റമദാൻ: യാമ്പു വാണിജ്യമേഖലകളിൽ സുരക്ഷ നിരീക്ഷണത്തിന് പൊലീസ് രംഗത്ത്
text_fieldsയാമ്പു: റമദാനിൽ റോഡപകടങ്ങൾ കുറക്കാനും ജനത്തിരക്ക് മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനും വിവിധ പദ്ധതികളു മായി യാമ്പു പൊലീസ് വിഭാഗം രംഗത്ത്. പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും നഗരത്തിലെ പ്രധാന പള്ളികൾക്കരികെയും പൊലീസ് സദാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നോമ്പ് തുറയുടെ സമയത്ത് ഉണ്ടാകാവുന്ന റോഡുകളിലെയും പ്രധാന മാർക്കറ്റുകളിലെയും തിരക്കുകൾ നിയന്ത്രിക്കാൻ പൊലീസ് രംഗത്തുണ്ടാവും.
ട്രാഫിക് സുരക്ഷ ഒരുക്കിയുള്ള പൊലീസ് നിരീക്ഷണം അപകടങ്ങൾ കുറക്കാനും നോമ്പുകാർക്ക് പ്രയാസമില്ലാതെ ആരാധനകൾക്കായി പള്ളിലയിലെത്താനും ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് അധികൃതർ കണക്കു കൂട്ടുന്നു. റമദാൻ നാളുകളിൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും കാര്യക്ഷമമാക്കാനും ബന്ധപ്പെട്ടവർ നിർദേശം നൽകിയിട്ടുണ്ട്. റെഡ് ക്രസൻറ് ഉൾപ്പെടെ വിവിധ സന്നദ്ധ വിഭാഗങ്ങൾ റമദാൻ നാളുകളിൽ വിവിധ മേഖലകളിൽ സേവന സന്നദ്ധരായിരിക്കും. വാണിജ്യ വിപണന മേഖലകളിൽ അമിതവില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് നിരീക്ഷിക്കാനും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കുന്നുണ്ട്.
അമിത വില ഈടാക്കിയുള്ള വിൽപന കർശനമായി നിരീക്ഷിക്കുന്നുണ്ട്. റമദാനിൽ യാമ്പു റോയൽ കമീഷനിൽ ഒരുക്കിയ സ്‌പെഷ്യൽ സൂക്കുകളുടെ സമീപത്തും ജനങ്ങൾ കൂടുതൽ എത്തുന്ന വാണിജ്യ കേന്ദ്രങ്ങളിലും നിരീക്ഷണവുമായി പൊലീസ് രംഗത്തുണ്ടാവും. എല്ലാ നിലയിലും സുരക്ഷിതമായ രീതിയിൽ റമദാനിലെ നോമ്പ് നോൽക്കുവാൻ വിശ്വാസികൾക്ക് അവസരം നൽകാൻ വേണ്ടിയാണ് വിവിധ സർക്കാർ സേവന വകുപ്പുകൾ റമദാൻ നാളുകളിൽ കൂടുതൽ സജീവമായി കർമരംഗത്തിറങ്ങിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
