ഇസ്രായേൽ ആണവ നിലയങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമാക്കണം: സൗദി
text_fieldsറിയാദ്: ഇസ്രായേൽ ആണവ നിലയങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾക്ക് വിധേയമാക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ന്യൂയോർക്കിൽ ചേർന്ന സമ്മേളനത്തിലാണ് സൗദി പ്രതിനിധി ഈ ആവശ്യം ഉന്നയിച്ചത്. മധ്യപൗരസ്ത്യ ദേശം ആണവ മുക്തമാക്കണമെന്ന കരാറിൽ ഒപ്പുവെക്കാത്ത ഏക രാജ്യമാണ് ഇസ്രായേൽ.
ആണവ സുരക്ഷാകരാറിൽ ഒപ്പുവെക്കാൻ ഇസ്രായേലിന് മേൽ ലോക രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ സൗദി പ്രതിനിധിയും സമ്മേളനത്തിലെ സൗദി സംഘത്തലവനുമായ ഡോ. ഖാലിദ് മുഹമ്മദ് മൻസലാവി ആവശ്യപ്പെട്ടു. ഇസ്രായേൽ മാത്രം കരാർ ഒപ്പുവെക്കാതിരിക്കുന്നത് മേഖലയിൽ സുരക്ഷക്ക് ഭീഷണിയാണ്.
ആണവോർജ ഏജൻസിയുടെ 2020 സമ്മേളനത്തിലേക്കുള്ള നിർദേശങ്ങൾ തയാറാക്കാനാണ് അംഗരാജ്യങ്ങൾ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ഒത്തുചേർന്നത്. ഐക്യരാഷ്ട്ര സഭയുടെ 487, 689 കരാറുകൾ പാലിക്കാനും ആണവോർജ വ്യാപനം തടയാനും ഇസ്രായേൽ ബാധ്യസ്ഥമാണെന്ന് സൗദി സംഘം സമ്മേളനത്തിൽ വ്യക്തമാക്കി. ആണവായുധങ്ങൾ ഒഴിവാക്കുക, വ്യാപനം തടയുക, സമാധാന ആവശ്യത്തിന് മാത്രം ആണവോർജം ഉപയോഗിക്കുക എന്നീ മൂന്ന് നിബന്ധനകൾ യു.എൻ കരാറിൽ ഉണ്ടെന്നും സൗദി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
