റാസല്‍ഖൈമയില്‍ ഭീതി വിതച്ച് മഴ പെയ്ത്ത്; മലനിരയില്‍ കുടുങ്ങിയ 400 പേരെ രക്ഷപ്പെടുത്തി

ജബൽജൈസിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം

റാസല്‍ഖൈമ: ശനിയാഴ്ച്ച രാവിലെ വിരുന്നെത്തിയ മഴ പെയ്തൊഴിയാതെ തുടര്‍ന്നത് റാസല്‍ഖൈമയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഞായറാഴ്ച്ച രാത്രിയിലും കനത്ത മഴ റാസല്‍ഖൈമയില്‍ വ്യാപകമായി തുടരുകയാണ്. ശക്തമായ ഇടിയുടെയും മിന്നലി​​െൻറയും അകമ്പടിയോടെ രാത്രിയും മഴ തുടര്‍ന്നത് ലേബര്‍ ക്യാമ്പുകളിലും കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളെയും ദുരിതമയമാക്കി.

അല്‍ മ്യാരീദ്, ദിഗ്ദാഗ തുടങ്ങി വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. നിരവധി മലയാളി കുടുംബങ്ങളുടെ വാസസ്​ഥലങ്ങളും വെള്ളത്തിലായി. വ്യാപാര, വാണിജ്യ സ്​ഥാപനങ്ങളും മുങ്ങി. സ്​കൂളുകൾക്ക്​ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രധാന പാതകളും ഉള്‍റോഡുകളും വെള്ളത്തിനടിയിലായത് ഗതാഗതം താറുമാറാക്കി. പല റോഡുകളും അടച്ചു. 
സിഗ്നലുകള്‍ പണിമുടക്കി. പാതകള്‍ വൃത്തിയാക്കുന്നതിനിടെ ഞായറാഴ്ച്ച രാവിലെ വീണ്ടും മഴയെത്തിയത് ശുചീകരണ പ്രവൃത്തികള്‍ക്കും തടസ്സമായി. ശനിയാഴ്ച്ച മലനിരകളില്‍ വിനോദത്തിനെത്തി കുടുങ്ങിയ 400ഓളം പേരെ ഹെലികോപ്​റ്റർ അടക്കമുള്ള സന്നാഹങ്ങളോടെ രാത്രിയിലും തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പൊലീസ് സേന സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. ദുബൈ, അബൂദബി റസ്ക്യൂ ടീമി​​െൻറ സഹകരണത്തോടെയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്​ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

പൊടുന്ന എത്തിയ മഴയില്‍ വാദികളില്‍ നീരൊഴുക്ക് വര്‍ധിച്ചതാണ് ജനങ്ങള്‍ കുടുങ്ങാനിടയാക്കിയത്. ഭക്ഷണ സാധനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളോടെയുമാണ് രക്ഷാ പ്രവര്‍ത്തകര്‍ ജനങ്ങളെ രക്ഷിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളം കയറിയതിനാല്‍ നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. റാസല്‍ഖൈമയില്‍ പ്രധാന വിനോദ കേന്ദ്രമായ സഖര്‍ പാര്‍ക്കില്‍ വെള്ളം കയറി പുഴക്ക് സമാനമായി. പ്രധാന പട്ടണങ്ങളായ അല്‍ നഖീല്‍, ഓള്‍ഡ് റാസല്‍ഖൈമ തുടങ്ങിയിടങ്ങളിലും സമാന അവസ്ഥയിലായിരുന്നു. വെള്ളക്കെട്ടിനൊപ്പം വൈദ്യുതി നിലച്ചത്​ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. 

Loading...
COMMENTS